പന്തല്ലൂരിൽ കുഞ്ഞിനെ കടിച്ചുകൊന്ന പുലി പിടിയിൽ

Tiger caught after biting baby in Pantallur

 

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി. മയക്കുവെടിവച്ചാണു വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ നിയന്ത്രണത്തിലാക്കിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടികൂടാനായത്.

രണ്ടു ഡോസ് മയക്കുവെടിവച്ചാണു പുലിയെ നിയന്ത്രണത്തിലാക്കിയത്. വൈകാതെ ഇതിനെ കൂട്ടിലേക്കു മാറ്റും. ശേഷം മൃഗശാലയിലേക്കു മാറ്റുമെന്നാണു സൂചന. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്കു ജീവനും നഷ്ടമായി. നാലുപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. ഗൂഡല്ലൂർ-കോഴിക്കോട് പാത ഉപരോധിച്ചാണു നാട്ടുകാരുടെ പ്രതിഷേധം. ഇതിനെ കാട്ടിൽ ഉപേക്ഷിക്കരുതെന്നും മൃഗശാലയിലേക്കോ മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നുമാണ് ആവശ്യം.

ഇന്നലെ രാത്രിയാണ് മൂന്നു വയസുകാരിയെ പുലി ആക്രമിച്ചു കൊന്നത്. അമ്മയ്ക്കൊപ്പം പോവുകയായിരുന്ന കുട്ടിയെ കടിച്ചുകൊന്നതിനു പിന്നാലെ ആദിവാസി യുവതിയായ 23കാരിക്കുനേരെയും പുലിയുടെ ആക്രമണമുണ്ടായി. ഡിസംബർ 19ന് ശേഷം പുലി ആറുപേരെ ആക്രമിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *