മദീന അപകടം: തിരൂർക്കാടിന് തീരാനൊമ്പരം
മദീന കാർ അപകടത്തിൽ മരിച്ച അബ്ദുൽ ജലീൽ, തസ്ന, മൈമൂനത്ത്, ആദിൽ
മങ്കട (മലപ്പുറം): മദീനയിൽ വാഹനാപകടത്തിൽ മരിച്ച നടുവത്ത് കളത്തിൽ അബ്ദുൽ ജലീലിന്റെയും (52) കുടുംബാംഗങ്ങളുടെയും വിയോഗം തിരൂർക്കാട് തോണിക്കര പ്രദേശത്തിന് തീരാനൊമ്പരമായി. ഉംറയും മദീനയിലെ സിയാറത്തും കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ചുപോകുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിൽ ഇടിച്ചാണ് അബ്ദുൽ ജലീൽ, ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവർ മരിച്ചത്.
ജലീലിെൻറ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്തായിരുന്നു അപകടം. മദീനയിൽ തന്നെ ഖബറടക്കാൻ തീരുമാനിച്ചതോടെ ജലീലിന്റെ മക്കളായ ഹന, അദ്നാൻ, അൽ അമീൻ, ജലീലിന്റെ സഹോദരിമാരായ മുനീറ, സൈറാബാനു, സഹോദരി ഭർത്താവ് റഷീദ്, സഹോദരിയുടെ മകൻ ഹാരിസ് അഹമ്മദ് എന്നിവർ മദീനയിലേക്ക് തിരിച്ചു.
ശനിയാഴ്ച രാത്രി മരണവിവരം അറിഞ്ഞതോടെ നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി. വെള്ളില യു.കെ പടി സ്വദേശിയായ ജലീൽ 10 വർഷം മുമ്പാണ് തിരൂർക്കാട് തോണിക്കരയിൽ വീട് വാങ്ങി താമസം തുടങ്ങിയത്. 25 വർഷമായി പ്രവാസിയായ ജലീലിന്റെ കുടുംബവും വിദേശത്ത് തന്നെയായിരുന്നു. മക്കൾ അവിടെയാണ് പഠിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് പഠനാവശ്യാർഥം ഹന, അദ്നാൻ, അൽ അമീൻ എന്നീ മക്കൾ നാട്ടിലേക്ക് മടങ്ങിയത്. സിദ്ദീഖിന്റെ മാതാവ് മൈമൂനത്തിന്റെ കൂടെ തിരൂർക്കാട്ടിലുള്ള വീട്ടിലായിരുന്നു ഇവർ താമസം. കഴിഞ്ഞ നവംബർ 17ന് ജലീലും കുടുംബവും നാട്ടിൽ വന്ന് തിരിച്ചുപോയപ്പോഴാണ് വിസിറ്റിങ് വിസയിൽ ഉമ്മയെ കൊണ്ടുപോയത്. ഒന്നരമാസം കഴിഞ്ഞാൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പരേതനായ ഇസ്മാഈലാണ് ജലീലിന്റെ പിതാവ്.
