ടി.കെ അഷ്റഫിന്റെ സസ്പെൻഷൻ; വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്ന് നാസർ ഫൈസി കൂടത്തായി
കോഴിക്കോട്: സൂംബാ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസവകുപ്പ് തന്നെ വിയോജിച്ച അധ്യാപകനും വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്റഫിനെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചത് ഇരട്ടത്താപ്പാണെന്ന് ഇകെ വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി.Kerala
സര്‍ക്കാറിന്റെ ഈ ഫാസിസ്റ്റ് നിലപാടിനെതിരെ പ്രതികരണങ്ങള്‍ ഉയരണം. ഇനിയാര്‍ക്കും തങ്ങളുയര്‍ത്തിപ്പിടിക്കുന്ന നിലപാട് തുറന്നുപറയാന്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു കൂടാ. വിയോജിക്കുന്നവരെ ഇല്ലാതാക്കുന്ന ദേശീയ സംഘ്പരിവാര്‍ ഫാസിസം തന്നെയാണ് കേരള കമ്യൂണിസ്റ്റ് ഫാസിസവുമെന്നു തിരിച്ചറിയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തടയലും ജനാധിപത്യവിരുദ്ധവുമാണ്. നിര്‍ബന്ധമായി ഉത്തരവില്ലാത്ത ഒരു കാര്യം ഞാനത് ചെയ്യില്ല എന്ന് പറയുന്നത് നിയമലംഘനവുമല്ല. ഭൂരിപക്ഷത്തില്‍ ഭരണമായിട്ടുപോലും നെഹ്‌റു ന്യൂനപക്ഷ പ്രതിപക്ഷത്തുണ്ടായിരുന്ന എ.കെ.ജി യെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ദേശീയഗാനം ഞങ്ങള്‍ ചൊല്ലുന്നതിനു വിശ്വാസം തടസ്സമാണെന്ന് പറഞ്ഞ യഹോവ സാക്ഷികളോട് ചൊല്ലേണ്ടതില്ലെന്ന് അനുമതി കൊടുത്ത രാജ്യമാണ് ഇന്ത്യ. ഇപ്പോള്‍ ഗോദ്‌സെയുടെ മോഡിയിലും സ്റ്റാലിന്റെ പിണറായിലുമെത്തി നില്‍ക്കുമ്പോള്‍ ജനാധിപത്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ചവറ്റുകൊട്ടയിലുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
സൂംബാ ഡാന്‍സ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു.. ടി.കെ അഷ്റഫ് ജോലി ചെയ്യുന്ന സ്കൂള്‍ മാനേജർക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുംവിധം ടി.കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. ടി.കെ അഷ്റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിട്ടുണ്ട്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത് ടി.കെ അഷ്റഫ് ആയിരുന്നു. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്റഫ് പറഞ്ഞിരുന്നു.