കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു
കോഴിക്കോട്: കോവൂര്‍ ഇരിങ്ങാടന്‍പള്ളിയിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
വൈകുന്നേരം നാലരയോടെയാണ് സംഭവം. ഇരിങ്ങാടൻപള്ളിക്ക് സമീപമുള്ള ഒരു ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.
പത്തടിയോളം ആഴമുള്ള ടാങ്കിൽ രണ്ടടിയോടം മാലിന്യമുണ്ടായിരുന്നു. ഇതിൽ ആദ്യം ഒരാൾ ഇറങ്ങുകയും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാമൻ സഹായിക്കാനായി ഇറങ്ങുകയുമായിരുന്നു. എന്നാൽ രണ്ടു പേരും ഇതിൽ ശ്വാസംമുട്ടി പെട്ടുപോവുകയായിരുന്നു.
പിന്നീട് നാട്ടുകാരെത്തി ഇരുവരേയും കോഴിക്കോട് മെഡി.കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ ഇരുവരും മരിച്ചിരുന്നു. മൃതദേഹം മെഡി,കോളജ് മോർച്ചറിയിൽ.
ഹോട്ടൽ ഒഴിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാലിന്യ ടാങ്ക് വൃത്തിയാക്കാൻ തീരുമാനിച്ചത്. ഇതിനായി രണ്ട് തൊഴിലാളികളെ വിളിക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മുൻ കരുതലുകൾ പാലിച്ചാണോ തൊഴിലാളികൾ ഇറങ്ങിയതെന്ന കാര്യവും പരിശോധിക്കും.