മലിനജല ശുദ്ധീകരണ പ്ലാന്റിലെ ടാങ്കിൽവീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം
കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വെളിച്ചെണ്ണ നിർമാണ കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ടാങ്കിൽ വീണ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ലിവന്റോ വെർജിൻ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ ആസ്മികയാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ച 3.30ഓടെയായിരുന്നു സംഭവം. ബെനഡിക്ടും ഭാര്യ പ്രേമകുമാരിയും പ്ലാന്റിൽ ജോലിക്കുപോയ സമയത്തായിരുന്നു അപകടം. സ്ഥാപനത്തിന്റെ കോമ്പൗണ്ടിലെ താമസസ്ഥലത്തുനിന്ന് കുട്ടി ഇറങ്ങി നടക്കുകയും അബദ്ധത്തിൽ ടാങ്കിൽ വീഴുകയുമായിരുന്നു.
പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
