മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായി ഭാസ്കർ ജാദവിനെ നിർദേശിച്ച് ഉദ്ധവ് താക്കറെ; പ്രതിപക്ഷ ഐക്യത്തിനും ആഹ്വാനം
മുംബൈ: നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഭാസ്കർ ജാദവിനെ നാമനിർദ്ദേശം ചെയ്ത് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ. ഇതു സംബന്ധിച്ച കത്ത് സ്പീക്കർ രാഹുൽ നർവേക്കറിന് ഉദ്ധവ് താക്കറെ നൽകി.Bhaskar Jadhav
സംസ്ഥാന നിയമസഭയിലെത്തിയാണ് ഉദ്ധവ് താക്കറെ കത്ത് നല്‍കിയത്. അവിടെവെച്ച് എൻസിപി (എസ്പി) നേതാക്കളായ ജിതേന്ദ്ര അവാദ്, ജയന്ത് പാട്ടീൽ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ എംഎൽഎമാരുമായി സംവദിക്കുകയും മഹാ വികാസ് അഘാഡിയുടെ ഐക്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജനാധിപത്യ മൂല്യങ്ങൾക്ക് അനുസൃതമായി, ഈ ബജറ്റ് സമ്മേളനത്തിൽ സംസ്ഥാനത്തിന് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടെന്ന് ഉറപ്പാക്കുന്ന ഒരു തീരുമാനം ഉടൻ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്ധവ് താക്കറെ, സ്പീക്കറ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മാര്‍ച്ച് പത്തിനാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് സ്ഥാനം പങ്കുവെക്കില്ലെന്നും 2.5 വർഷത്തേക്ക് എന്നെരു ഫോർമുല ഇല്ലെന്നും താക്കറെ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനം ‘റൊട്ടേഷൻ’ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടിരുന്നു.
ശിവസേനയ്ക്ക് (യുബിടി) 20 എംഎൽഎമാരും കോൺഗ്രസിന് (16) എൻസിപിക്ക് (10) എംഎൽഎമാരുമാണുള്ളത്. അതേസമയം പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ മൊത്തം സീറ്റുകളുടെ 10 ശതമാനം (അതായത് 28) ആവശ്യമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ അത്തരത്തിലുള്ളൊരു നിയമമോ ഭരണഘടനയിൽ വ്യവസ്ഥയോ ഇല്ലെന്ന് ഭാസ്കർ ജാദവ് പറഞ്ഞു.
ഗുഹഗറിൽ നിന്നുള്ള മുതിർന്ന എംഎൽഎയാണ് ജാദവ്. 1990കളിൽ ശിവസേനയെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നിട് ശിവസേന വിട്ട് എന്‍സപിയിലേക്ക് അദ്ദേഹം പോയി. 2019ലാണ് അദ്ദേഹം വീണ്ടും ശിവസേനയിലെത്തുന്നത്. ശിവസേന പിളര്‍ന്നപ്പോള്‍ ഉദ്ധവിനെപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു അദ്ദേഹം.