അധ്യക്ഷ കസേരകളിൽ ആധിപത്യം, നഗരങ്ങൾ വാഴാൻ യു.ഡി.എഫ്
നഗരങ്ങൾ ചുവപ്പിൽ നിന്ന് ത്രിവർണത്തിലേക്ക് വഴിമാറിയത് കൃത്യമായ രാഷ്ട്രീയ സൂചനയായി കണ്ട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് യു.ഡി.എഫ്.
തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പ് കൂടി പിന്നിട്ടതോടെ സംസ്ഥാനത്തെ ഭൂരിഭാഗം നഗരഭരണവും കൈപ്പിടിയിലായ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഡിസംബർ 13ലെ ജനവിധിതന്നെ ഭരണമാറ്റത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണെങ്കിലും അതിന്റെ സാങ്കേതികവും നിയമപരവുമായ സാക്ഷ്യപ്പെടുത്തലാണ് അധ്യക്ഷ തെരഞ്ഞെടുപ്പോടെ യാഥാർഥ്യമായത്. നഗരങ്ങൾ ചുവപ്പിൽനിന്ന് ത്രിവർണത്തിലേക്ക് വഴിമാറിയത് കൃത്യമായ രാഷ്ട്രീയ സൂചനയായി കണ്ട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് യു.ഡി.എഫ് ക്യാമ്പ് കടക്കുകയും ചെയ്തു.
സംസ്ഥാനത്തെ ആറ് കോർപറേഷനുകളിൽ അഞ്ചും കയ്യാളിയിരുന്ന ഇടതുമുന്നണി നന്നായി വിയർത്ത് ‘കോഴിക്കോട്ടേക്ക്’ മാത്രമായി ചുരുങ്ങി. ഭരണം നേടിയ ഇവിടെയാകട്ടെ, കേവല ഭൂരിപക്ഷത്തോടെയല്ല അധികാരാരോഹണം. ഫലത്തിൽ ആറിൽ ഒന്നിൽപോലും ഇടതുമുന്നണിക്ക് മേൽകൈയില്ല. അതേസമയം, കണ്ണൂരിൽ മാത്രം ഭരണത്തിലുണ്ടായിരുന്ന യു.ഡി.എഫാകട്ടെ, അട്ടിമറി വിജയത്തോടെ ആറിൽ നാലിടത്തും സ്വന്തം മേയർമാരെ സത്യപ്രതിജ്ഞ ചെയ്യിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ്. ഇതിൽ കൊല്ലത്തേത് ചരിത്ര വിജയവും. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ, ചർച്ചകളിൽ മേയർ സ്ഥാനാർഥിയായി പേരുകളുയർന്നവർ പലരും പരാജയ സാധ്യത മുന്നിൽ കണ്ട് തലയൂരുന്നതായിരുന്നു കൊല്ലത്തെ കാഴ്ച. എന്നാൽ, ഈ വിലയിരുത്തലുകളെ അട്ടിമറിക്കുന്ന ജനവിധി യു.ഡി.എഫ് ക്യാമ്പിന് പകരുന്നത് ചെറുതല്ലാത്ത ആത്മവിശ്വാസം.
അതേ സമയം, തിരുവനന്തപുരത്താകട്ടെ ബി.ജെ.പിയുടെ അധികാരാരോഹണം എൽ.ഡി.എഫിനെ കാര്യമായി അസ്വസ്ഥപ്പെടുത്തുകയാണ്. തുടർച്ചയായി 40 വർഷം ഉറച്ച ഇടതു കോട്ടയായിരുന്ന കോർപറേഷനാണ് ബി.ജെ.പി സ്വന്തമാക്കിയത്. 53 അംഗങ്ങളുണ്ടായിരുന്ന ഇടതുമുന്നണി 29 ലേക്ക് കൂപ്പുകുത്തി. മാത്രമല്ല, പതിറ്റാണ്ടുകളുടെ ‘ഭരണപാരമ്പര്യം’ കൈവിടുകയും ചെയ്തു. സത്യപ്രതിജ്ഞക്ക് പിന്നാലെ ബി.ജെ.പി പ്രവർത്തകർ നരേന്ദ്രമോദിയുടെ കൂറ്റൻ ചിത്രം കോർപറേഷനിൽ സ്ഥാപിച്ചത് തങ്ങളുടെ വിജയം മാത്രമല്ല എതിരാളികളുടെ പരാജയം കൂടി അടിവരയിടാനാണ്.
മുൻസിപ്പാലികളുടെ കാര്യത്തിൽ ഇഞ്ചോടിഞ്ച് എന്നതായിരുന്നു നേരത്തെയുള്ള ഭരണചിത്രം. ആകെയുള്ള 87 മുൻസിപ്പാലിറ്റികളിൽ 43 ഇടത്ത് എൽ.ഡി.ഫും 42 ഇടത്ത് യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയുമായിരുന്നു അധികാരത്തിൽ. എന്നാൽ, ജനവിധിക്ക് പിന്നാലെ സത്യപ്രതിജ്ഞയോടെ യു.ഡി.എഫ് 55 ലേക്ക് നില ഭദ്രമാക്കിയപ്പോൾ എൽ.ഡി.എഫ് 28 ലേക്ക് ചുരുങ്ങി. രണ്ടിടത്തുണ്ടായിരുന്ന ബി.ജെ.പി അതേ നില തുടരുകയാണ്. പാലക്കാടും പന്തളവുമായിരുന്നു നേരത്തെയെങ്കിൽ ഇക്കുറി പാലക്കാടും തൃപ്പൂണിത്തുറയുമായി.
മറ്റ് ജില്ലകളിൽ മുൻസിപ്പാലികളിൽ കനത്ത തിരിച്ചടി നേരിട്ട എൽ.ഡി.എഫ്, തലസ്ഥാന ജില്ലയിൽ നാലിടത്ത് നില മെച്ചമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ ഫലം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. നഗരസഭകളിലെ മേൽക്കൈ, മധ്യവർഗ വോട്ടർമാർ യു.ഡി.എഫിനൊപ്പം നിന്നതിന്റെ വ്യക്തമായ സൂചനയാണ്.
