‘ഐപിഎൽ മത്സരത്തിനിടെ താരങ്ങളുടെ ബാറ്റ് പരിശോധിച്ച് അമ്പയർമാർ’; കാരണമിതാണ്
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്രീസിലേക്ക് നടന്നടുക്കുന്ന താരങ്ങളുടെ ബാറ്റ് പരിശോധിക്കുന്ന അമ്പയർമാരുടെ ദൃശ്യങ്ങൾ കഴിഞ്ഞ മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ ബാറ്റ് ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലാകുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ പരിശോധിക്കുന്നതെന്ന സംശയം ഇതിനോടകം പലർക്കും തോന്നിയിട്ടുമുണ്ടാകും.Umpires
ഐപിഎൽ ചട്ടമനുസരിച്ചുള്ള അളവുകളുള്ള ബാറ്റുകൾ തന്നെയാണോ താരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്താനാണ് ഫീൽഡ് അമ്പയർമാർ ഇത്തരത്തിൽ പരിശോധന നടത്തുന്നത്. ബാറ്റർമാർ അനുവദനീയമായ അളവിൽകൂടുതൽ വലിപ്പത്തിലുള്ള ബാറ്റുകൾ ഉപയോഗിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരം നടപടി. അളവിൽ കൂടുതലുള്ള ബാറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ബിസിസിഐ പരിശോധന നടത്തുന്നത്. ഒട്ടേറെ ബൗളർമാരാണ് ഇതുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ചത്.
ഐസിസി നിയമനുസിരിച്ച് ബാറ്റിന്റെ നീളം പിടി ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. വീതി 4.25 ഇഞ്ചിലും കൂടാൻ പാടില്ല. ബാറ്റിന്റെ അരിക്(എഡ്ജ്)അളവ് 1.56 ഇഞ്ചിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പ് പ്രകാരമാണ് ഇത്തരത്തിൽ ഫീൽഡ് അമ്പയറുടെ പരിശോധന.
ബാറ്റും പന്തും കൂടുതൽ കണക്ടാവുന്ന അടിഭാഗത്താണ് പലതാരങ്ങളും മാറ്റംവരുത്താറുള്ളത്. ഇതോടെ കൂടുതൽ സ്‌ട്രോക് ബാറ്റിങിന് സഹായകരമാകും. എന്നാൽ നിയമം കർശനമാക്കിയതോടെ താരങ്ങളുടെ ഇത്തരം നീക്കങ്ങൾ തടയാനാകും. നിലവിൽ ഈ ഐപിഎൽ സീസണിൽ 525 സിക്‌സറുകളാണ് ഇതുവരെ പിറന്നത്. വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനാണ് 31 സിക്‌സറുമായി ഒന്നാമത്.