ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം; മോചനം 111 ദിവസങ്ങൾക്ക് ശേഷം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ശബരിമലയിലെ ദ്വാരപാലകപാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. അറസ്റ്റിലായി 111 ദിവസങ്ങൾക്കു ശേഷമാണ് പോറ്റിയുടെ മോചനം.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരം പൂജപ്പുര സ്പെഷൽ ജയിലിൽ നിന്ന് ഇറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് പോറ്റിയെ കൊണ്ടു പോകാൻ എത്തിയിരുന്നത്. പോറ്റി അവരോട് സന്തോഷം പങ്കിട്ട ശേഷം കാറിൽ കയറി. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
സ്വർണക്കൊള്ളയിലേക്ക് വിരൽചൂണ്ടിയ വെളിപ്പെടുത്തൽ നടത്തി ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വയം കുടുങ്ങുകയായിരുന്നു. ദേവസ്വം ബോർഡിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ നിന്നാണ്. ഒക്ടോബർ 16നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വിവിധ ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്ന് തെളിയിക്കുന്ന വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടെ പ്രചരിക്കപ്പെട്ടു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ജാമ്യം.
