‘നമസ്‌കാരവും ഖുർആൻ പാരായണമൊക്കെയുള്ള മതചിട്ടയുള്ള ആളാണ് ഉപ്പ; ആത്മഹത്യ വിവരം കേട്ടു ഞെട്ടി’
കാസർകോട്: ചന്തേര എസ്‌ഐ ആയിരുന്ന അനൂപിനെ സർവീസിൽനിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കാസർകോട്ട് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ കുടുംബം. പൊലീസ് പീഡനം തന്നെയാണ് ആത്മഹത്യയ്ക്കു കാരണമെന്ന് അബ്ദുൽ സത്താറിന്റെ മകൻ സാനിസ് ‘മീഡിയിവണി’നോട് പറഞ്ഞു.religious
പൊലീസ് പീഡനം തന്നെയാണ് ആത്മഹത്യയ്ക്കു കാരണമെന്നു തന്നെയാണു വിശ്വസിക്കുന്നത്. മറ്റൊരു പ്രശ്‌നവും ഉപ്പാക്കുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ് ആ ഓട്ടോയായിരുന്നു. നാലഞ്ചു ദിവസമായി അതു മുടങ്ങിക്കിടന്നതിന്റെ വിഷമത്തിലായിരുന്നു ഉപ്പയെന്ന് സാനിസ് പറഞ്ഞു.
”ഉപ്പ ആത്മഹത്യ ചെയ്യുന്ന ആളല്ല. നമസ്‌കാരവും ഖുർആൻ പാരായണമൊക്കെയുള്ള മതചിട്ടയുള്ള ആളാണ്. ആത്മഹത്യ ചെയ്തു എന്നു കേട്ടപ്പോൾ ഞെട്ടി. പൊലീസ് ഓട്ടോ കൊണ്ടുപോയതിനു ശേഷം ഒന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് കാര്യം അറിഞ്ഞത്. ഒരു വർഷം മുൻപാണ് ഉപ്പ ഓട്ടോ വാങ്ങിയത്.
ആരോപണവിധേയനായ എസ്‌ഐ അനൂപിനെ ഡിസ്മിസ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും സാനിസ് പറഞ്ഞു. ഇയാൾ കാരണം ഇനിയൊരു ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും പ്രശ്‌നമുണ്ടാകരുതെന്നും സാനിസ് പറഞ്ഞു