ട്രംപിൻ്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം യുഎസ് സെനറ്റ് തള്ളി

Trump

 

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയം തള്ളി യുഎസ് സെനറ്റ്. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയമാണ് സെനറ്റ് 48നെതിരെ 51 വോട്ടിന് തള്ളിയത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഭൂരിഭാഗവും ട്രംപിന് പിന്തുണയുമായി നിലകൊണ്ടു.

യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില്‍ പങ്കെടുക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പ്രമേയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് സെനറ്റര്‍മാര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സൂസന്‍ കോളിന്‍സ്, ലിസ മുര്‍ക്കോവ്‌സ്‌കി, റാന്‍ഡ് പോള്‍ എന്നിവരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ജോണ്‍ ഫെറ്റര്‍മാന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.

1973ലെ വാര്‍ പവേഴ്സ് റെസല്യൂഷന്റെ അടിസ്ഥാനത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്. വിദേശ രാജ്യങ്ങളിലെ സൈനിക നടപടികളില്‍ പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കുകയും യുദ്ധം സംബന്ധിച്ച തീരുമാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് നിയമത്തിന്റെ ലക്ഷ്യം. പ്രമേയം പരാജയപ്പെട്ടതോടെ യുദ്ധങ്ങളിലേര്‍പ്പെടുന്നതില്‍ തീരുമാനമെടുക്കാനുള്ള പ്രസിഡന്റിന്റെ അധികാരം തുടരും.

നേരത്തെ, ജൂണിലാണ് ജനപ്രതിനിധി സഭ ഈ പ്രമേയം പാസാക്കിയത്. തുടര്‍ന്നാണ് സെനറ്റിന്റെ അനുമതിക്ക് വിട്ടത്. അന്ന് 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. ട്രംപിന്റെ പാര്‍ട്ടിക്കാരായ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. സെനറ്റ് കടന്നാല്‍ തന്നെയും പ്രസിഡന്റിന് പ്രമേയത്തില്‍ വീറ്റോ അധികാരവുമുണ്ടായിരുന്നു.

ഇറാനില്‍ ഫെബ്രുവരി 28ന് ആരംഭിച്ച അമേരിക്കയുടെ സൈനിക നടപടിക്കെതിരെ യുഎസില്‍ ജനരോഷം ശക്തമാകുന്നതിനിടെയാണ് യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം കൊണ്ടുവന്നത്. ഇറാനിലെ യുദ്ധത്തിന് ട്രംപ് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയിരുന്നില്ല. ഒരു ഹ്രസ്വകാല സംഘര്‍ഷമെന്ന നിലയിലാണ് ട്രംപ് ഇറാനിലെ ആക്രമണത്തെ അവതരിപ്പിച്ചിരുന്നത്. ട്രംപിന്റെ യുദ്ധാധികാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഡെമോക്രാറ്റുകള്‍ ഏറെക്കാലമായി തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *