‘അരിയിൽ ഷുക്കൂറിനെ ഓർമയില്ലേ?’; വിധി വന്നതിന് പിന്നാലെ പഴയ കൊലവിളി പ്രസംഗവും മുദ്രാവാക്യവും വീണ്ടും ചർച്ചയിൽ

കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ഷുക്കൂറിനെ പരാമർശിച്ച് നേരത്തെ നടത്തിയ പഴയ കൊലവിളി പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും വീണ്ടും ചർച്ചയിൽ. ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിച്ച് പരസ്യമായി പ്രകോപനപരമായ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നത് വലിയ വിവാദമായിരുന്നു.
ഷുക്കൂറിനെ പരാമർശിച്ച് 2024ൽ സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ‘അരിയിൽ ഷുക്കൂറിനെ ഓർമയില്ലേ? അയാൾ ഈ പ്രസ്ഥാനത്തിന് നേരെ കളിച്ചപ്പോൾ ഇന്ന് ഈ ഭൂമുഖത്തില്ല’ എന്നായിരുന്നു പ്രസംഗം. ‘ഈ പ്രസ്ഥാനത്തിന് നേരെ കളിച്ചവർ ഇന്ന് എവിടെയാണെന്ന് എല്ലാവർക്കും അറിയാം’ എന്നും കൊലവിളി നടത്തി.
തിക്കോടി കുറ്റിവയലിൽ സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച കൊടികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു പ്രസംഗം.
പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപനപരമായ പ്രസംഗം നടത്തിയ ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു.
തിക്കോടിയിൽ പൊതുവെ രാഷ്ട്രീയ സംഘർഷങ്ങളില്ലാത്ത സാഹചര്യത്തിൽ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയ സി.പി.എം നേതാവിന്റെ നടപടിയിൽ കോൺഗ്രസും പ്രതിഷേധം അറിയിച്ചു.
അരിയിൽ ഷുക്കൂറിനെ പരാമർശിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യവും വലിയ വിവാദമായി. മലപ്പുറം എടക്കരയിലെ മൂത്തേടത്തായിരുന്നു സംഭവം. ‘ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്തിട്ടില്ല’ എന്നായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം.
പ്രദേശത്തെ വാട്സ്ആപ് കൂട്ടായ്മയിലെ ചർച്ചയെച്ചൊല്ലി ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയായിരുന്നു പ്രകടനം.
സംഭവത്തിൽ ഇരുവിഭാഗത്തിലെയും എട്ടുപേർക്കെതിരെ എടക്കര പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പ്രകടനത്തിലാണ് വിവാദ മുദ്രാവാക്യം ഉയർന്നത്.
ഷുക്കൂറിനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പരസ്യമായി സമ്മതിക്കുന്നതിന് തുല്യമാണ് ഈ മുദ്രാവാക്യമെന്ന് ആരോപിച്ച് കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടക്കര പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, ഡി.വൈ.എഫ്.ഐ ഇത് നിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയെന്നത് ശരിയാണെന്നും എന്നാൽ, കൊലവിളി മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്ദം കൃത്രിമമായി കയറ്റിയതാണെന്നുമാണ് സി.പി.എം മൂത്തേടം ലോക്കല്‍ കമ്മിറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചത്.
