വാഹനത്തിലെ തകരാറുകൾ: ലാൻഡ് റോവറിനെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് നടി

Land Rover

ന്യൂഡൽഹി: ആഡംബര കാർ നിർമാതാക്കളായ ലാൻഡ് റോവറിനെതിരെ പരാതിയുമായി ബോളിവുഡ് നടി റിമി സെൻ. വാഹനവുമായി ബന്ധപ്പെട്ട തകരാറുകളും തുടർന്നുണ്ടായ മാനസിക പീഡനങ്ങളും ആരോപിച്ച് 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. സൺറൂഫ്, സൗണ്ട് സിസ്റ്റം, പിൻവശത്തെ കാമറ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുള്ളത്.Land Rover

2020ലാണ് 92 ലക്ഷം രൂപ നൽകി വാഹനം വാങ്ങുന്നത്. ഇതിന് ശേഷം നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിച്ചതെന്ന് നടി പരാതിയിൽ പറയുന്നു. വാഹനത്തിന്റെ പ്രശ്നങ്ങളും കമ്പനിയുടെ അറ്റകുറ്റപ്പണികളും കടുത്ത മാനസിക പീഡനങ്ങളാണ് ഉണ്ടാക്കിയത്.

ജാഗ്വർ ​ലാൻഡ്റോവറിന്റെ അംഗീകൃത ഡീലറായ സതീഷ് മോട്ടോഴ്സിൽനിന്നാണ് വാഹനം വാങ്ങുന്നത്. 2023 ജനുവരി വരെ വാഹനത്തിന് വാറന്റിയുണ്ടായിരുന്നു. കോവിഡ് മഹാമാരി കാരണം ആദ്യകാലത്ത് വലിയരീതിയിൽ വാഹനം ഉപയോഗിച്ചിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടാൻ തുടങ്ങിയത്. സൺറൂഫിൽനിന്നുള്ള ശബ്ദം, സ്ക്രീൻ ലാഗ്, സൗണ്ട് സിസ്റ്റത്തിലെ പോരായ്മകൾ, പിൻ കാമറയിലെ പ്രശ്നങ്ങൾ എന്നിവ നടിക്ക് തലവേദനയായി മാറി.

2022 ആഗസ്റ്റ് 25ന് റിവേഴ്സ് കാമറ തകരാറിലായതിനെ തുടർന്ന് വാഹനം ഒരു തൂണിൽ ഇടിക്കുകയുണ്ടായി. എന്നാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഡീലർമാർ തെളിവ് ചോദിക്കുകയായിരുന്നുവെന്ന് നടി പറയുന്നു. പിന്നീടും നിരവധി പ്രശ്നങ്ങൾ ഉടലെടുത്തു. ഇത് മാനസികമായ പീഡനവും വലിയ അസൗകര്യങ്ങളുമുണ്ടാക്കി. തുടർന്നാണ് 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയത്. നിയമപരമായ ചെലവുകൾക്ക് 10 ലക്ഷം രൂപയും കേടായ കാർ മാറ്റിത്തരണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *