സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.
അതേസമയം, തമിഴ്നാട്ടിൽ ഇന്നലെ രാത്രി കരതൊട്ട ഫിൻജാൽ ചുഴലിക്കാറ്റ് ഉയർത്തിയ ഭീഷണി പൂർണമായി ഒഴിവാവുകയാണ് . ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദമായി മാറി. പുതുച്ചേരിയിലും വിഴുപ്പുറത്തും കടലൂരുമാണ് ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം ശക്തമായ മഴ പെയ്ത്. ഇന്ന് രാവിലെ വരെ വിഴിപ്പുറത്ത് 498 മില്ലിമീറ്റർ മഴ പെയ്തു. പുതുച്ചേരിയിൽ 469 .5 മില്ലിമീറ്റർ മഴയാണ് പെയ്തത്. പുതുച്ചേരിയിൽ വീടുകളിൽ കുടുങ്ങിയവരെ എൻഡിആർഎഫ് എസ്ഡിആർഎഫ് സംഘങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും കോജേജുകളും ദുരിതാശ്വാസ ക്യാമ്പുകളാക്കിയിട്ടുണ്ട്.