മുസ്‌ലിം കുടുംബം വീട് വാങ്ങിയതിനെതിരെ പ്രതിഷേധവുമായി യു.പിയിലെ ഗ്രാമവാസികൾ; കൂട്ട പലായന ഭീഷണി
ലഖ്‌നൗ: യു.പിയിലെ ഒരു ഗ്രാമത്തിൽ മുസ്‌ലിം കുടുംബം വീട് വാങ്ങിയതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. മുസ്‌ലിം കുടുംബത്തെഗ്രാമത്തിൽ പ്രവേശിപ്പിക്കില്ലെന്നും വസ്തുവിൻ്റെ രജിസ്ട്രേഷൻ ഉടൻ റദ്ദാക്കണമെന്നും ഹിന്ദുഭൂരിപക്ഷ ഗ്രാമത്തിലെ ആളുകൾ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ കൂട്ട പലായനം നടത്തുമെന്നും ഹൈന്ദവ കുടുംബങ്ങൾ ഭീഷണിപ്പെടുത്തി. ബറേലിയിലെ പഞ്ചാബ് പുര പ്രദേശത്തെ വകീലോ വാലി ഗലിയിലാണ് സംഭവം.Muslim
അസം സ്വദേശിയായ ശബ്നവും കുടുംബമാണ് ഇവിടെ വിശാൽ സക്സേന എന്നയാളിൽ നിന്ന് വീട് വാങ്ങിയത്. എന്നാൽ, ഇതിനെതിരെ രംഗത്തെത്തിയ ബറേലി ബാർ അസോസിയേഷൻ മുൻ സെക്രട്ടറി അരവിന്ദ് ശ്രീവാസ്തവ, ഈ കുടുംബം ഒരു പ്രാദേശിക പള്ളി അനധികൃതമായി കൈവശം വച്ചതിൽ പങ്കാളികളാണെന്നും ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റേയും മുൻകാല പ്രസ്താവനകൾ ഉദ്ധരിച്ച ശ്രീവാസ്തവ, ‘അസമികളേയും ബംഗ്ലാദേശികളേയും‘ തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും അഭിപ്രായപ്പെട്ടു. ഇതുമൂലം ഉണ്ടായേക്കാവുന്ന ‘ലൗ ജിഹാദിന്’ ആരാണ് ഉത്തരവാദിയെന്നും ഇയാൾ ചോദിച്ചു.
തങ്ങൾ ജീവിതത്തിൻ്റെ സാത്വിക സ്വഭാവം കർശനമായി പിന്തുടരുമ്പോൾ മുസ്‌ലിംകൾ മാംസം കഴിക്കുന്നവരാണെന്ന് ഹൈന്ദവ കുടുംബങ്ങളിലെ ചില സ്ത്രീകൾ പറഞ്ഞു. ‘കുട്ടിക്കാലം മുതൽ ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നത്. മുസ്‌ലിംകൾ ഇവിടെ വരാൻ തുടങ്ങിയാൽ ഞങ്ങളുടെ കുട്ടികളുടെ ഭാവി താറുമാറാകും‘- എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ വാദം. മുസ്‌ലിംകൾക്ക് മതപരമായ ആചാരങ്ങളിലും ഉത്സവങ്ങളിലും ഇടപെടുന്ന സ്വഭാവമുണ്ടെന്നും അവർ ആരോപിച്ചു.
അതേസമയം, തൻ്റെ സ്വത്ത് വിൽക്കുന്നതിനിടെ വീട്ടുടമയായ വിശാൽ സക്‌സേന ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് മുന്നിൽ ഹാജരാവുകയും താൽപ്പര്യമുള്ളവർക്ക് തൻ്റെ സ്വത്ത് വിൽക്കാൻ തയാറാണെന്ന് പറയുകയും ചെയ്തിരുന്നു. ഇനി പ്രദേശവാസികളായ ആർക്കെങ്കിലും വീട് വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഇപ്പോൾ വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും സക്സേന പറഞ്ഞു.
പ്രദേശവാസികളുടെ നിലപാടിൽ ദുഃഖവും ആശങ്കയും പ്രകടിപ്പിച്ച് ശബ്നവും കുടുംബവും രംഗത്തെത്തി. ഈ നാട്ടിൽനിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ നിരാശരാണെന്ന് ശബ്‌നത്തിൻ്റെ സഹോദരൻ മുഹമ്മദ് നസീം ബഷീരി പറഞ്ഞു. വീടുവാങ്ങലിന് പിന്നിൽ തൻ്റെ കുടുംബത്തിന് യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് പറഞ്ഞ ബഷീരി, അവർ തങ്ങളെ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നെങ്കിൽ ഇവിടേക്ക് വരില്ലായിരുന്നെന്നും കൂട്ടിച്ചേർത്തു.