2032 വരെ റയലിൽ തുടരും; കരാർ പുതുക്കി വിനീഷ്യസ് ജൂനിയർ

മഡ്രിഡ്: ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡുമായുള്ള കരാർ പുതുക്കി. 2032 ജൂൺ 30 വരെ താരം ക്ലബ്ബിൽ തുടരുമെന്ന് റയൽ മാനേജ്മെൻ്റ് വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് റയലിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ഒരു വർഷമായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. പ്രതിവർഷം ഏകദേശം 17.5 മില്യൺ യൂറോയായിരുന്ന താരത്തിന്റെ ശമ്പളം പുതിയ കരാറോടെ ഗണ്യമായി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.
2018 ജൂലൈയിൽ തന്റെ 18-ാം വയസ്സിലാണ് വിനീഷ്യസ് റയൽ മഡ്രിഡിലെത്തുന്നത്. ക്ലബ്ബിനായി എട്ടു സീസണുകളിലായി കളത്തിലിറങ്ങിയ താരം 375 മത്സരങ്ങളിൽ നിന്ന് 128 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാ ലിഗയും ഉൾപ്പെടെ 14 പ്രധാന ട്രോഫികളാണ് റയലിനൊപ്പം താരം ഇതുവരെ നേടിയെടുത്തത്. 2024-ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്കാരവും വിനീഷ്യസിനായിരുന്നു.
“ബെർണബ്യൂവിലെ എട്ട് വർഷം വളരെ ചെറുതാണ്… ഇനി ആറ് വർഷം കൂടി, ശേഷം എന്നെന്നേക്കുമായി,” ഇൻസ്റ്റാഗ്രാമിലൂടെ കരാർ പുതുക്കിയ സന്തോഷം വിനീഷ്യസ് ആരാധകരുമായി പങ്കുവെച്ചു. പരിശീലകനായി ജോസെ മൊറീഞ്ഞോ തിരിച്ചെത്തിയതോടെ റയൽ മഡ്രിഡ് വലിയ മാറ്റങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ആർബി ലൈപ്സിഗിൽ നിന്ന് ഇവാൻ ഡിയോമാൻഡെയെ വലിയ തുകയ്ക്ക് ക്ലബ്ബ് സ്വന്തമാക്കിയതും അടുത്തിടെയാണ്. പുതിയ പരിശീലകനും സഹതാരങ്ങൾക്കുമൊപ്പം പരിശീലനം ആരംഭിച്ചുവെന്നും മൊറീഞ്ഞോയ്ക്ക് കീഴിൽ തന്റെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ സന്തോഷവാനാണെന്നും വിനീഷ്യസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ സീസണിൽ കൂടുതൽ കരുത്തോടെ മുന്നേറാമെന്ന പ്രതീക്ഷയിലാണ് റയൽ ക്യാമ്പ്.
