മോദി വിമർശനത്തിനു പിന്നാലെ ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരസ്യമായി പിന്തുണച്ച് വീരേന്ദര്‍ സേവാഗ്
ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരസ്യമായി പിന്തുണച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗ്. തോഷാം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ അനിരുദ്ധ് ചൗധരിക്കാണ് താരം പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അനുകൂലിച്ച് പലപ്പോഴും രംഗത്തെത്താറുള്ള സെവാഗിന്റെ നിലപാടുമാറ്റത്തിൽ വിമർശനവുമായി സംഘ്പരിവാർ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.Virender Sehwag
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനിരുദ്ധിനായി സെവാഗ് പരോക്ഷമായ വോട്ടഭ്യർഥന നടത്തിയത്. ബിസിസിഐ മുൻ അംഗം കൂടിയാണ് അനിരുദ്ധ് ചൗധരി. ഹരിയാന മുൻ മുഖ്യമന്ത്രിയും ഹരിയാന വികാസ് പാർട്ടി നേതാവുമായിരുന്ന ബാൻസി ലാലിന്റെ മകനുമാണ് ഇദ്ദേഹം. അടുത്ത ബന്ധുവും ബിജെപി എംപി കിരൺ ചൗധരിയുടെ മകളുമായ ശ്രുതി ചൗധരിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
അനിരുദ്ധ് ചൗധരിയുടെ തെരഞ്ഞെടുപ്പ് റാലിയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് വീരേന്ദർ സെവാഗ്. സ്‌റ്റോറിയിൽ കോൺഗ്രസ് നേതാവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ദിവസങ്ങൾക്കുമുൻപ് നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച് ദീർഘമായൊരു കുറിപ്പും മുൻ ഇന്ത്യൻ താരം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ അദ്ദേഹം പോസ്റ്റ് വലിക്കുകയും ചെയ്തു.
രാജ്യത്ത് പൊതുമേഖലാ ബാങ്കുകൾ വൻ കുതിപ്പിന്റെ പാതയിലാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്. ബാങ്കിങ് മേഖലയിൽ വൻ മാറ്റമുണ്ടായെന്നും പൊതുമേഖലാ ബാങ്കുകൾ അതിനെ ശക്തിപ്പെടുത്തുന്നുവെന്നും വ്യക്തമാക്കുന്ന കണക്കുകൾ എന്ന അടിക്കുറിപ്പോടെ കേന്ദ്ര സർക്കാർ ഹാൻഡിലിൽനിന്നുള്ള പോസ്റ്റ് പങ്കിടുകയായിരുന്നു മോദി. മോദിയുടെ പോസ്റ്റ് കണ്ട് വഞ്ചിതനായി വലിയ നഷ്ടത്തിലായ തന്റെ ജീവനക്കാരന്റെ അനുഭവം പറയുകയായിരുന്നു പോസ്റ്റിൽ സെവാഗ്. അനന്തരസ്വത്തായുള്ള ഭൂമി വിറ്റുകിട്ടിയ ഒരു കോടിയിൽനിന്ന് 80 ലക്ഷം എടുത്ത് മോദി പറഞ്ഞ പട്ടികയിലുള്ള മൂന്ന് പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപിക്കുകയായിരുന്നു ഇദ്ദേഹം. എന്നാൽ, ഇതിനുശേഷം ആ ഓഹരികളെല്ലാം ദിവസവും കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. മോദി ഭക്തൻ കൂടിയായ ഇദ്ദേഹം ഇപ്പോൾ വലിയ സങ്കടത്തിലും മനോവ്യഥയിലുമാണെന്നും പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
കനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക് എന്നിവിടങ്ങളിലാണു നിക്ഷേപിച്ചിരുന്നത്. മോദിയുടെ പോസ്റ്റിനുശേഷം ഒരിക്കൽ പോലും ഓഹരിയിൽനിന്നു ലാഭമുണ്ടാക്കാനായിട്ടില്ല. തന്നെപ്പോലുള്ള ഉപഭോക്താക്കളെ കബളിപ്പിക്കാൻ വേണ്ടിയായിരുന്നോ മോദിയുടെ പോസ്റ്റ് എന്ന് അദ്ദേഹം സംശയിക്കുന്നുണ്ടെന്നും സെവാഗ് പോസ്റ്റിൽ പറഞ്ഞു. മോദി കഴിഞ്ഞ ജൂൺ 19ന് എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് സെപ്റ്റംബർ 19ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ റീട്വീറ്റ് ചെയ്ത് വിമർശനമുയർത്തിയത്. ഇതിനെതിരെ സംഘ്പരിവാർ അനുകൂല ഹാൻഡിലുകൾ സൈബർ ആക്രമണം ശക്തമാക്കിയതോടെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ വീരേന്ദര്‍ സെവാഗിനെതിരെ സംഘ്പരിവാർ അനുകൂലികൾ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് ഓഫർ ചെയ്തിട്ടും നിരസിച്ചയാളാണ് സെവാഗ് എന്നതുൾപ്പെടെയുള്ള വാദങ്ങളും ഇവർ ഉയർത്തുന്നുണ്ട്. മുൻപ് കോൺഗ്രസ് നയങ്ങളെ രൂക്ഷമായി വിമർശിക്കുകയും മോദി സർക്കാർ നടപടികളെ പിന്തുണയ്ക്കുകയും ചെയ്ത താരത്തിന്റെ ചുവടുമാറ്റത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്.