തെറ്റ് സമ്മതിക്കുന്നതിൽ ലജ്ജിക്കേണ്ട, 25 കോടിയുടെ താരം ടീമിന് ബാധ്യത! ജയമില്ലാതെ കൊൽക്കത്ത, വിമർശനം കടുക്കുന്നു

കൊൽക്കത്ത: ഐ.പി.എല്ലിലെ മോശം പ്രകടനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരെ വിമർശനം കടുക്കുന്നു. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും കെ.കെ.ആറിന് ഒന്നിൽ പോലും ജയിക്കാനായിട്ടില്ല.

ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 32 റൺസിനാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ റെക്കോഡ് തുകയായ 25.20 കോടി രൂപക്ക് വാങ്ങിയത് ടീമിന് സംഭവിച്ച വലിയ അബദ്ധമായെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞു. ചെന്നൈയോട് തോറ്റതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. സീസണിൽ ഗ്രീൻ ഇതുവരെ അഞ്ച് മത്സരങ്ങളിൽനിന്ന് ആകെ നേടിയത് 56 റൺസ് മാത്രം. ബൗളിങ്ങിലും നിരാശപ്പെടുത്തി, ഒരു വിക്കറ്റ് മാത്രം. തന്നിൽ മാനേജ്മെന്‍റ് അർപ്പിച്ച വിശ്വാസം കാക്കുന്നതിൽ ഗ്രീൻ പരാജയപ്പെട്ടു.

ഗ്രീൻ ടീമിന് ഒരു ബാധ്യതയായി മാറിയെന്നും കെ.കെ.ആർ തെറ്റ് സമ്മതിച്ച് അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ‘നിങ്ങൾ ഇത്രയും പണംമുടക്കി കളിക്കാരെ വാങ്ങി, കാമറൂൺ ഗ്രീനിന് 25 കോടി ചെലവഴിച്ചു, ഇപ്പോൾ അദ്ദേഹം ഒരു ബാധ്യതയായി മാറിയിരിക്കുന്നു. കളിപ്പിച്ചാൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുന്നില്ല. കളിപ്പിച്ചില്ലെങ്കിൽ, ഇത്രയും പണം മുടക്കിയ താരത്തെ ബെഞ്ചിലിരുത്തിയോ എന്ന് ആളുകൾ ചോദിക്കും. എന്നാൽ തെറ്റ് സമ്മതിക്കുന്നതിൽ ലജ്ജിക്കേണ്ട ആവശ്യമില്ല. കാമറൂൺ ഗ്രീനിന് ഇത്രയും പണം ചെലവഴിച്ചത് തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിക്കൂ. അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരാളെ പരീക്ഷിക്കൂ. ബൗളിങ്ങിലും മികവ് കാണിക്കുന്നില്ല’ -മത്സരശേഷം 47കാരനായ സെവാഗ് ക്രിക്ക്ബസിനോട് പ്രതികരിച്ചു.

ടിം സീഫർട്ടിനെ ഓപ്പണറാക്കി ഫിൻ അലെനൊപ്പം കളിക്കണം. നായകൻ അജിങ്ക്യ രഹാനെ, റോവ്മാൻ പവൽ എന്നിവരെ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ കളിപ്പിക്കണമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. സീഫർട്ടും ഫിൻ അലെനും ന്യൂസിലൻഡിനായി ഓപ്പണിങ്ങിൽ തകർപ്പൻ പ്രകടനം നടത്തുന്നവരാണെന്നും സെവാഗ് പറയുന്നു. ടീമിന്‍റെ തന്ത്രപരമായ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും രംഗത്തെത്തി. ആന്ദ്രെ റസ്സലിനു പകരം ഓൾ റൗണ്ടർ റോളിലേക്ക് കൂടുതലായി കാമറൂൺ ഗ്രീനിനെ ആശ്രയിക്കാനുള്ള കെ.കെ.ആർ തീരുമാനം തെറ്റായെന്ന് കൈഫ് പറയുന്നു.

ഈ മാറ്റം ടീമന്‍റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. മത്സരം ജയിപ്പിക്കാനുള്ള താരത്തിന്‍റെ അഭാവമാണ് ടീമിന്‍റെ പ്രശ്നമെന്നും റസ്സൽ വഹിച്ചിരുന്ന ആ റോളിൽ കാമറൂൺ ഗ്രീനിന് തിളങ്ങാനാകുന്നില്ലെന്നും താരം വ്യക്തമാക്കി. ഇതിനിടെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ടീമിന് ബി.സി.സി.ഐയുടെ പിഴ ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്നു. ഫിനിഷർ റോളിലുള്ള റിങ്കു സിങ്ങിനും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. മൂർച്ച കുറഞ്ഞ ബൗളിങ് നിരയും ടീമിന്‍റെ പ്രകടനത്തെ ബാധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതും ഹർഷിത് റാണ, ആകാശ് ദീപ് എന്നിവർക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. ഈമാസം 17ന് അഹ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

മത്സരത്തിലേക്ക് വന്നാൽ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ ചെന്നൈ പോയന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിൽ ഒരു ജയംപോലുമില്ലാതെ കൊൽക്കത്ത അവസാന സ്ഥാനത്ത് തുടരുമ്പോൾ മുംബൈ ഇന്ത്യൻസാണ് ഒമ്പതാമത്.