ജ്വലിക്കുന്ന ഓർമയായി വി.എസ്; കനലായി തെരഞ്ഞെടുപ്പുകാലവും
ആലപ്പുഴ: വിപ്ലവനായകൻ വി.എസ്. അച്യുതാനന്ദൻ ഇല്ലാത്ത ആദ്യനിയമസഭ തെരഞ്ഞെടുപ്പുകാലം. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ‘വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍’ എന്ന വി.എസ് എന്നും അണികളുടെ ആവേശമായിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിലാണ് വി.എസ് അവസാനമായി പ്രചാരത്തിനിറങ്ങിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അനാരോഗ്യത്തെതുടർന്ന് വി.എസ് മാറിനിന്നിരുന്നു.
2025 ജൂലൈ 21നാണ് പുന്നപ്ര-വയലാർ സമരനായകൻ വി.എസിന്‍റെ ജ്വലിക്കുന്ന ജീവിതസമരത്തിന് തിരശ്ശീല വീണത്. അതിനുശേഷമെത്തുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് കൂടിയാണിത്. 1957ൽ പ്രഥമനിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ വി.എസ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്നു. അന്ന് ആലപ്പുഴ മണ്ഡലത്തിലെ 10 സീറ്റിൽ എട്ടിലും ജയിച്ചാണ് ‘ജനനായകൻ’ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് ചുവടുവെച്ചത്. പിന്നീട് വി.എസ് എന്ന പേരുകേട്ടാൽ ജനസാഗരം ഇരമ്പിയെത്തും. തെരഞ്ഞെടുപ്പ് കാലത്തെ പ്രസംഗം ഇങ്ങനെയാണ് തുടങ്ങുക.
‘‘പ്രിയപ്പെട്ടവരേ…നമ്മുടെ ഈ നാട്… ഈ മണ്ണ്… ഒരു വലിയപോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. ഇവിടെ നോക്കൂ… ആരാണ് എതിർവശത്ത് നിൽക്കുന്നത്? ജനങ്ങളെ കൊള്ളയടിക്കുന്നവർ! അഴിമതിയിൽ മുങ്ങിക്കുളിച്ചവർ! സാധാരണക്കാരന്റെ കഞ്ഞിക്കലത്തിൽ പാറ്റയിടുന്നവർ! ഇവരെയാണോ നിങ്ങൾ വീണ്ടും ജയിപ്പിക്കേണ്ടത്?’’…വി.എസ് തുടങ്ങിവെച്ചാൽ പിന്നെ സദസ്സ് ഇളകിമറിയും. വാക്കുകൾ നീട്ടിയും കുറുക്കിയും തലപിന്നോട്ട് വളച്ചശേഷം മുന്നോട്ട് ആഞ്ഞുതള്ളിയും രണ്ടുകൈയും ആകാശത്തേക്ക് ഉയർത്തിയും കത്തിക്കയറുന്ന പ്രസംഗങ്ങളിൽ വി.എസിന്‍റെ ആംഗ്യഭാഷ തന്നെയാണ് ഉപകരണം. താൻ പറയുന്ന കാര്യത്തിൽ വ്യക്തവരുത്താൻ കാണിക്കുന്ന ആംഗ്യങ്ങൾപോലും ജനത്തിന് ആവേശമായിരുന്നു.
‘പശുവാണ് മാതാവെങ്കിൽ, പശു..വാ..ണ് മാതാവെങ്കിൽ ‘കാ…..ള’ നിങ്ങളുടെ അച്ഛനാണോ? ‘കാള’ അച്ഛനാണോ?’ -സംഘപരിവാറിന്റെ അബദ്ധജടിലങ്ങളായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹാസ്യാത്മകമായി പ്രഹരിച്ച വി.എസിനെപ്പോലെ മറ്റൊരാളില്ല. അത്ര വൈറലായിരുന്നു ഈ പ്രസംഗം. ആർ.എസ്.എസിന്‍റെ അക്രമരാഷ്‌ട്രീയത്തിനെതിരെ അതിശക്തമായി പ്രസംഗിച്ചും വെല്ലുവിളിച്ചും രാഷ്ട്രീയമുന്നേറ്റം സാധ്യമാക്കിയ വി.എസ് കേരളത്തിന്‍റെ ‘ക്രൗഡ് പുള്ളർ’ ആയിരുന്നു. 2006ൽ വി.എസിന് പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ അതുതിരുത്തിച്ചത് ഈജനവികാരം തന്നെയാണ്. 2011, 2016 വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചാരണത്തെ നയിച്ചത് വി.എസ് ആയിരുന്നു. അന്ന് വൻഭൂരിപക്ഷത്തിലാണ് പാർട്ടി അധികാരത്തിലെത്തിയത്.
1967ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ എ. അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് നിയമസഭയുടെ പടികയറിയത്. എന്നാൽ, കന്നിയങ്കം അതായിരുന്നില്ല. 1965ല്‍ സ്വന്തംവീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. പിന്നീട് 1970, 1991, 2001, 2006, 2011, 2016 വര്‍ഷങ്ങളില്‍ വിജയിച്ചു. 1996ൽ മാരാരിക്കുളത്ത് പാർട്ടിയുടെ കാലുവാരലിൽ പരാജയപ്പെട്ട വി.എസ് സി.പി.എമ്മിൽ കൂടുതല്‍ ശക്തനായി മാറി.
പിന്നീട് കളം മലമ്പുഴയിലേക്ക് മാറ്റി. തുടർച്ചയായി നാലുതവണ മലമ്പുഴയിൽനിന്ന് വിജയിച്ചു. 2006ല്‍ മുഖ്യമന്ത്രി പദവിയിലെത്തി. പലതവണ നിയമസഭയില്‍ എത്തിയിട്ടും അധികാരസ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ്. ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരുപ്രയോഗം അക്കാലത്തുണ്ടായിരുന്നു. 2011ല്‍ വി.എസ്. വീണ്ടും മലമ്പുഴയില്‍ നിന്ന് വിജയിച്ചപ്പോൾ എൽ.ഡി.എഫ് പ്രതിപക്ഷത്തായി. 2016ല്‍ വിജയം ആവര്‍ത്തിച്ചെങ്കിലും പിണറായി വിജയൻ മുഖ്യമന്ത്രിയായി.
