കാത്തിരുന്നോളൂ…’ ആക്രമണ സൂചന നൽകി ഇറാൻ; പിന്തിരിപ്പിക്കാൻ അമേരിക്കൻ നീക്കം

Wait...' Iran signaled an attack; American move to push back

 

തെഹ്‌റാൻ: ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുല്ല, മുതിർന്ന ഇറാൻ സൈനിക കമാൻഡർ അബ്ബാസ് നിൽഫൊറോഷാൻ എന്നിവരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുമെന്ന സൂചനയുമായി ഇറാൻ. കരസേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവി, വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കൻആനി എന്നിവരുടെ പ്രസ്താവനകളാണ് ഇസ്രായേലിനെതിരെ നേരിട്ടുള്ള നീക്കത്തിന് ഇറാൻ മുതിരാനുള്ള സാധ്യത ശക്തമാക്കിയത്. ഇസ്രായേലിനെതിരായ ആക്രമണത്തിനായി ‘കാത്തിരുന്നോളൂ’ എന്നാണ് അബ്ദുൽ റഹീം മൂസവി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ലബനാനുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഉചിതവും നിർണായകവുമായ നീക്കങ്ങൾ നടത്തുമെന്നും നാസർ കൻആനി വ്യക്തമാക്കി.

അതിനിടെ, ഇസ്രായേലിനെതിരെ നേരിട്ടുള്ള ആക്രമണത്തിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ഒരു രാജ്യത്തെ ഇടനിലക്കാരാക്കിയാണ് അമേരിക്കൻ നീക്കം. ഹിസ്ബുല്ലക്ക് പിന്തുണ നൽകി ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയാൽ വലിയ തോതിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്നും, ഇസ്രായേലിനെ പിന്തിരിപ്പിക്കുക എന്നത് തങ്ങൾക്ക് എളുപ്പമാവില്ലെന്നും അമേരിക്ക ഇറാനെ ധരിപ്പിച്ചതായി അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

‘സയണിസ്റ്റുകളുടെ മരണം ലബനാൻ ആഘോഷിക്കും’

സയ്യിദ് ഹസൻ നസ്‌റുല്ലയുൾപ്പെടെ ഹിസ്ബുല്ലയുടെ നേതൃനിരയിലെ പ്രമുഖരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ ശക്തമായ മറുപടിയുണ്ടാകുമെന്ന സൂചനയാണ് തെഹ്‌റാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മേജർ ജനറൽ മൂസവി നൽകിയത്.

‘നമ്മുടെ ശത്രുക്കളുടെ വിജയാഘോഷം മനഃശാസ്ത്രപരമായ ഒരു നീക്കമാണ്. നെതന്യാഹുവിന്റെ സ്ഥാനം സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിലാണ് അത് ചെയ്യുന്നത്. പക്ഷേ, സയണിസ്റ്റ് രാഷ്ട്രവും അതിന്റെ നേതാക്കളും നിലംപതിക്കും.’ – മൂസവി പറഞ്ഞു.

ഹസൻ നസ്‌റുല്ല രക്തസാക്ഷിത്വം വരിച്ചെങ്കിലും അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, നസ്‌റുല്ലയുടെ കൊലപാതകത്തോടുള്ള ഇറാന്റെ പ്രതികരണം ഉചിതമായ സന്ദർഭത്തിൽ ഉണ്ടാകുമെന്നും നാസർ കൻആനി പറഞ്ഞു.

‘രാഷ്ട്രീയവും നിയമപരവുമായ നീക്കങ്ങൾ ഇറാൻ തുടരും. അതിനൊപ്പം ഉചിതവും നിർണായകവുമായ നീക്കങ്ങൾ നടത്തുകയും ചെയ്യും. യുദ്ധക്കുറ്റങ്ങളും കൊലപാതകങ്ങളും കൊണ്ട് ഇസ്രായേൽ മേഖലയിലെ സമാധാനം തകർക്കുകയാണ്. ഇറാന്റെയും സുഹൃദ് രാഷ്ട്രങ്ങളുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ല.’ കൻആനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *