‘വഖഫ് ബോര്‍ഡ് ഇല്ലാതാക്കണം’; പാര്‍ലമെന്‍ററി സമിതിക്ക് കൂട്ട ഇ-മെയില്‍ അയക്കാനൊരുങ്ങി ബിജെപി

'Waqf Board should be abolished'; BJP is about to send a mass e-mail to the parliamentary committee

 

ഡല്‍ഹി: ഒരു രാജ്യം ഒരു നിയമം എന്നത് യാഥാര്‍ഥ്യമാക്കാന്‍ വഫഖ് ബോര്‍ഡ് ഇല്ലാതാക്കണമെന്ന ആവശ്യവുമായി ബിജെപി. വഖഫ് ബില്ലിനെ പിന്തുണച്ച് പൊതുജനാഭിപ്രായ രൂപീകരണത്തില്‍ മേല്‍ക്കൈ നേടാന്‍ ഇ-മെയില്‍ ക്യാമ്പയിന്‍ ആരംഭിക്കാനൊരുങ്ങുകയാണ് ബിജെപി. ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്‍ററി സമിതിക്ക് പാര്‍ട്ടി സംവിധാനം വഴി കൂട്ടത്തോടെ മുന്‍കൂട്ടി തയ്യാറാക്കിയ ഇ-മെയില്‍ അയക്കാനാണ് നീക്കം. വഖഫ് നിയമം വിവേചനപരവും മതേതര മൂല്യത്തിന് വിരുദ്ധമാണെന്നും ഇ- മെയിലില്‍ പറയുന്നു.

”മതിയായ നിയമപരിശോധനകളില്ലാതെ പല ഭൂമിയിലും വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നതായി പരാതിയുണ്ട്. ഇവ വ്യക്തികളുടെ ഭൂ സ്വത്ത് അവകാശത്തെയും സാമൂഹിക സൗഹാര്‍ദത്തെയും ബാധിക്കുന്നു. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ല. അധികാര ദുര്‍വിനിയോഗം നടത്തുന്നതായി ആരോപണമുണ്ട്. ഒരു രാജ്യം ഒരു നിയമം എന്നത് യാഥാര്‍ഥ്യമാക്കാന്‍ വഖഫ് ബോര്‍ഡ് ഇല്ലാതാക്കണം”. വഖഫ് ബോര്‍ഡുകള്‍ ഉടന്‍ ഇല്ലാതാക്കാന്‍ കഴിയില്ലെങ്കില്‍ ബോര്‍ഡിന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നതും ഭൂമി തര്‍ക്കങ്ങള്‍ ജൂഡീഷ്യല്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു. വഫഖ് ബോര്‍ഡിന്‍റെ സ്വത്തുക്കളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ഓരോ ബൂത്തില്‍ നിന്നും മൂന്ന് പേരെങ്കിലും വഫഖ് ബില്ലിനെ പിന്തുണച്ച് ഇ-മെയില്‍ അയക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ നിര്‍ദേശം.

വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നതോടെയാണ് വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധന നടത്താനാണ് സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിട്ടത്. ബിജെപി എംപി ജഗദാംബിക പാല്‍ അധ്യക്ഷനായ സമിതിയില്‍ ലോക്സഭയില്‍ നിന്ന് 21 ഉം രാജ്യസഭയില്‍ നിന്ന് 10 ഉം അംഗങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *