വയനാടിന്റെ പ്രിയങ്കരി; കൊടുംകാറ്റായി പ്രിയങ്ക
കൽപറ്റ: വയനാടിന്റെ ഹൃദയം കീഴടക്കി കോൺഗ്രസിന്റെ ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി. റെക്കോർഡ് ഭൂരിപക്ഷവുമായി സഹോദരൻ രാഹുൽ ഗാന്ധിയുടെ മിന്നും വിജയവും മറികടന്നു മുന്നേറുകയാണ് ഈ ‘വിഐപി സ്ഥാനാർഥി
രാഹുൽ ഗാന്ധി പാർട് ടൈം എംപിയാണെന്ന ആക്ഷേപം ശക്തമായിരുന്നു. വിഐപി മണ്ഡലമായി വയനാടിനെ അവഗണിക്കുന്നുവെന്ന ആരോപണങ്ങളും ഉയർന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ കാലത്തടക്കം വേണ്ട ശ്രദ്ധയോ ഇടപെടലോ ഉണ്ടായില്ലെന്ന പ്രചാരണവും ഇടതുപക്ഷവും ബിജെപിയും ഉയർത്തി.
ഇത്തവണ പോളിങ് ശതമാനം കുറഞ്ഞത് ഇതിന്റെയെല്ലാം പ്രതിഫലനമാകുമെന്ന വിലയിരുത്തലുണ്ടായി. യുഡിഎഫിനും പ്രിയങ്കയ്ക്കും തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ഇന്ന് വോട്ടെണ്ണി തുടങ്ങിയപ്പോൾ മറ്റൊരു കാഴ്ചയാണു കണ്ടത്. തുടക്കം തൊട്ടേ പ്രിയങ്ക വയനാടൻ മലനിരകൾ പോലെ ഉയർന്നുനിൽക്കുകയായിരുന്നു. ആയിരം പതിനായിരങ്ങളായും ലക്ഷമായും അതിവേഗത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുതിച്ചുയർന്നത്.