‘ഞങ്ങൾ ഭേൽപുരി കഴിക്കുകയായിരുന്നു, അപ്പോഴാണ് ഭർത്താവിനെ വെടിവച്ചത്’; പഹൽഗാമിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ
ശ്രീനഗർ: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഭീകരർ ഭർത്താവിനു നേരെ വെടിയുതിർത്തതെന്ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യ. ഭേൽപുരി കഴിച്ചുകൊണ്ടിരിക്കെയാണ് ഭർത്താവിനെ വെടിവച്ച് കൊന്നതെന്ന് അവർ പറഞ്ഞു.shot
മറ്റൊരു വീഡിയോയിൽ ഒരു സ്ത്രീ നിയന്ത്രണംവിട്ട് കരയുന്നതും സഹായത്തിനായി യാചിക്കുന്നതും കാണാം. ‘ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ’- എന്ന് അവർ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല.
കൊല്ലപ്പെട്ടവരിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ഹൈദരാബാദിലെ ഐബി ഉദ്യോഗസ്ഥനും ബിഹാർ സ്വദേശിയുമായ മനിഷ് രഞ്ജൻ ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കശ്മീരിൽ അവധിയാഘോഷിക്കാൻ എത്തിയതായിരുന്നു രഞ്ജൻ.
ഭാര്യക്കും മകൾക്കും മുന്നിൽവച്ചാണ് ഭീകരർ രഞ്ജനെ വെടിവച്ച് കൊന്നത്. ഹൈദരാബാദിലെ ഇന്റലിജൻസ് ബ്യൂറോ ഓഫീസിൽ മിനിസ്റ്റീരിയൽ സെക്ഷനിൽ രണ്ട് വർഷമായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജൻ.
കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്. വിനയ് നർവാളും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഭർത്താവിന്റെ ശരീരത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ആ ചിത്രത്തിൽ കൊല്ലപ്പെട്ടു കിടക്കുന്നത് വിനയ് ആണ്.
ഏപ്രിൽ 16നായിരുന്നു ഇരുവരുടേയും വിവാഹം. ഭാര്യയോടൊത്ത് മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്. എന്നാൽ ഭാര്യയുടെ മുന്നിൽവെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു.
അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോവർ സിയാങ് ജില്ലയിലെ സിറോയിലെ തജാങ് ഗ്രാമത്തിൽ നിന്നുള്ള കോർപ്പറൽ തേജ് ഹെയ്‌ലിയാങ് (30) ആണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി സ്വദേശിയായ മലയാളി എൻ. രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇന്നലെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളേയും കച്ചവടക്കാരെയും ടാക്‌സി ഡ്രൈവർമാരെയും മാറ്റി നിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു വീണത് പുരുഷന്മാരായിരുന്നു.
പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്‌സർലന്റ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം.