‘വോട്ട് ചോദിക്കുന്നവരോട് അരീക്കോട്ടുകാർക്ക് ചോദിക്കാനുള്ളത്’; ചർച്ചയായി സൗഹൃദം ക്ലബ്ബിൻറെ ഫ്ലക്സ് ബോർഡ്.
അരീക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ചോദിച്ചെത്തുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളോട് അരീക്കോട് താലൂക്ക് ആശുപത്രി വിഷയത്തിൽ ഒരുകൂട്ടം ചോദ്യങ്ങൾ ഉയർത്തി അരീക്കോട് സൗഹൃദം ക്ലബ്ബ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വർഷങ്ങളായി അരീക്കോട് താലൂക്ക് ആശുപത്രി നേരിടുന്ന പ്രതിസന്ധികളും ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി 9 ചോദ്യങ്ങൾ അടങ്ങുന്ന ഫ്ലക്സ് ബോർഡാണ് താലൂക്ക് ആശുപത്രി പ്രവേശന കവാടത്തിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. ‘വോട്ട് ചോദിച്ചുവരുന്നവരോട് അരീക്കോട്ടുകാർക്ക് ചോദിക്കാനുള്ളത്’ എന്ന തലക്കെട്ടിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രി നേരിടുന്ന പ്രതിസന്ധികൾക്ക് അരീക്കോട്ടേ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, ഹോസ്പിറ്റലിൽ മാനേജ്മെൻറ് കമ്മിറ്റി, സംസ്ഥാന ആരോഗ്യ വകുപ്പ് തുടങ്ങിയവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. നേരത്തെയും അരീക്കോടിന്റെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, നാട് നേരിടുന്ന പ്രതിസന്ധികളിലും നിലപാട് അറിയിച്ചും പ്രതികരിച്ചും സൗഹൃദം ക്ലബ് മുന്നോട്ടുവന്നിരുന്നു.