എന്തുകൊണ്ട് FIR ഇല്ല? ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സര്‍ക്കാരിന് വിമര്‍ശനം

Why no FIR? Criticism of government in Hema committee report

 

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്തതിൽ സർക്കാരിന് രൂക്ഷ വിമർശനം. ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സംസ്ഥാനത്തിന് ചെയ്യാവുന്ന മിനിമം കാര്യങ്ങളെങ്കിലും ചെയ്തോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും പൂര്‍ണ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘം മാധ്യമങ്ങളെ കാണരുതെന്നും കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ചേരുകയാണ്. പൊതുതാൽപര്യ ഹരജി ഉൾപ്പെടെ ആറ് ഹരജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ടും അനുബന്ധരേഖകളും സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പൊതുതാത്പര്യ ഹരജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ആണ് സമ്പൂർണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സർക്കാരിന് നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതി കക്ഷിചേർത്ത വനിതാ കമ്മീഷന് പുറമേ, നടി രഞ്ജിനിയും ഹരജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് എം പുതുശ്ശേരി സമർപ്പിച്ച ഹരജിയിൽ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ ആസഫലി ഹാജരാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ ജന്നത്, അമൃത എന്നിവർ നൽകിയ ഹരജിയും പ്രത്യേക ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *