ഭാര്യയെ പരിചരിക്കണം, സ്വയം വിരമിച്ച ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിൽ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം
ഹൃദയസംബന്ധമായ രോഗം നേരിടുന്ന തന്റെ ഭാര്യയെ കൂടെനിന്ന് പരിചരിക്കാനായി തന്റെ ജോലി ഉപേക്ഷിച്ച ഭർത്താവിന്റെ മുന്നിൽ യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ദേവേന്ദ്രയുടെ ഭാര്യ ദീപിക. വിദഗ്ദ്ധ ചികിത്സ നൽകിയിട്ടും രോഗത്തിന് കാര്യമായ കുറവൊന്നുമുണ്ടായില്ല.
വെയർഹൗസ് മാനേജരായി ജോലിനോക്കിയിരുന്ന അമ്പതുകാരനായ ദേവേന്ദ്ര സന്ദലിന് മുന്നിലാണ് ഭാര്യ കുഴഞ്ഞ് വീണ് മരിക്കുന്നത്. രോഗിയായ ഭാര്യയെ കൂടെനിന്ന് പരിചരിക്കുന്നതിന് വേണ്ടിയാണ് ഇയാൾ വിആർഎസ് എടുത്തത്.
രോഗം കൂടുതലായതോടെയാണ് ഭാര്യയ്ക്ക് മികച്ച പരിചരണം നൽകാനായി ദേവേന്ദ്ര സ്വമേധയാ വിരമിക്കാൻ തീരുമാനിച്ചത്. ദീപികയെയും ഇക്കാര്യം അറിയിച്ചു. എന്നാൽ ഭർത്താവിന്റെ വിരമിക്കലിൽ എതിർപ്പുണ്ടായിരുന്ന ഭാര്യ എതിർപ്പറിയിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
വിരമിക്കൽ ദിവസം ദേവേന്ദ്രയ്ക്ക് യാത്ര അയപ്പ് നൽകാൻ സഹപ്രവർത്തകർ തീരുമാനിച്ചു. ചടങ്ങിലേക്ക് ദീപികയെയും ക്ഷണിച്ചിരുന്നു. ദേവേന്ദ്രയുടെ സഹപ്രവർത്തകരുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നതിനാൽ അസുഖത്തെ വകവയ്ക്കാതെ ദീപികയും ചടങ്ങിന് എത്തി.
ചടങ്ങിനിടയിൽ ആരോഗ്യനില മോശമായ ദീപിക അവശയായി കസേരയിൽ ഇരിക്കാൻ ശ്രമിച്ചു. എന്നാൽ നിലതെറ്റി താഴേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ ഭർത്താവ് ദേവന്ദ്ര പുറം തടവിക്കൊടുക്കെ ദീപിക അദ്ദേഹത്തെ നോക്കി ഒന്നുപുഞ്ചിരിച്ചു. തുടർന്ന് അബോധാവസ്ഥയിലായി. സഹപ്രവർത്തകരും ദേവന്ദ്രയും ചേർന്ന് ദീപികയെ ഉടൻ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദീപികയുടെ മരണം സ്ഥിരീകരിച്ചിരുന്നു.