2000 രൂപ ലോൺ തിരിച്ചടയ്ക്കാത്തതിന് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ആന്ധ്രയിൽ യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോൺ എടുത്ത 2000 രൂപ തിരിച്ചടയ്ക്കാത്തതിന് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 25കാരനായ നരേന്ദ്ര ഒക്ടോബർ 28നാണ് അഖിലയെ വിവാഹം കഴിച്ചത്. രണ്ട് ജാതിയിൽപ്പെട്ട ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മത്സ്യത്തൊഴിലാളിയായ നരേന്ദ്രക്ക് കാലാവസ്ഥ പ്രതികൂലമായതിനാൽ ഏതാനും ദിവസം ജോലിക്ക് പോകാനായില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു ആപ്പിൽനിന്ന് 2000 രൂപ ലോൺ എടുത്തത്.suicide
ആഴ്ചകൾക്കുള്ളിൽ ലോൺ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പ് ഏജന്റുമാർ ശല്യം ചെയ്യാൻ തുടങ്ങി. തുടർന്നാണ് ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകൾ നരേന്ദ്രയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചത്. തുക പൂർണമായും തിരിച്ചടയ്ക്കാൻ ദമ്പതികൾ തീരുമാനിച്ചെങ്കിലും ഭീമമായ പലിശ ആവശ്യപ്പെട്ട് ഏജന്റുമാർ പീഡനം തുടരുകയായിരുന്നു. മോർഫ് ചെയ്ത ഫോട്ടോകൾ വ്യാപകമായി പ്രചരിച്ചതോടെ ആളുകൾ ഇതിനെക്കുറിച്ച് നരേന്ദ്രയോട് അന്വേഷിക്കാൻ തുടങ്ങി. തുടർന്നാണ് മാനസിക വിഷമം മൂലം യുവാവ് ജീവനൊടുക്കാൻ തീരുമാനിച്ചത്.
ആന്ധ്രാപ്രദേശിൽ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നന്ദ്യാൽ ജില്ലയിൽ ഒരു യുവതി ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനം മൂലം ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.
കുറഞ്ഞ മാനദണ്ഡങ്ങൾവെച്ച് വൻ തുക ലോൺ വാഗ്ദാനം ചെയ്യുകയും എടുത്തുകഴിഞ്ഞാൽ ഉയർന്ന പലിശനിരക്കിൽ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് പല ലോൺ ആപ്പുകളുടെയും രീതി. ലോൺ ആപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി അനിത നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.