സൗദിയുടെ പച്ചപ്പരുന്തുകൾ സ്പാനിഷ് ചുവപ്പന്മാരെ അട്ടിമറിക്കുമോ?

റിയാദ്: ഖത്തർ ലോകകപ്പിൽ കിരീടധാരികളായ അർജൻറീനയെ വീഴ്ത്തി ലോകത്തെ ഞെട്ടിച്ച ആ ചരിത്ര ഇന്ദജാലം അമേരിക്കൻ മണ്ണിലും ആവർത്തിക്കാൻ സൗദിയുടെ അൽ-അഖ്ദർ ഇന്ന് ബൂട്ടു കെട്ടു​േ​മ്പാൾ സൗദി ഫുട്​ബാൾ ആരാധകർ ആകാംക്ഷയിലാണ്​. ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ രണ്ടാം റൗണ്ട് മഹാപ്പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടാനൊരുങ്ങുന്ന സൗദി അറേബ്യൻ പച്ചപ്പരുന്തുകൾക്ക് ഇത് ജീവന്മരണ പോരാട്ടമാണ്.

അമേരിക്കയിലെ അറ്റ്ലാൻറ സ്​റ്റേഡിയത്തിൽ സൗദി സമയം ഇന്ന് വൈകീട്ട്​ ഏഴിനാണ് ലോകമെമ്പടുമുള്ള ഫുട്​ബാൾ പ്രേമികൾ ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം അരങ്ങേറുന്നത്. കനത്ത അങ്കത്തിന് തൊട്ടുമുമ്പ് കളിക്കാരെ നേരിൽ കണ്ട് ആത്മവിശ്വാസം പകരാൻ കായികമന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ തന്നെ നേരിട്ടെത്തിയത് സൗദി ക്യാമ്പിന് വലിയ ഊർജ്ജമായിട്ടുണ്ട്. മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിൽ അറ്റ്ലാൻറയിലെ കെന്നസോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് പച്ചപ്പരുന്തുകൾ തങ്ങളുടെ അവസാനവട്ട തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിയത്.

ആദ്യ മത്സരത്തിൽ കരുത്തരായ ഉറുഗ്വേയെ 1-1 ന് സമനിലയിൽ തളച്ച സൗദിക്ക് ഗ്രൂപ്പ് ഘട്ടത്തിൽ മുന്നേറാൻ ഇന്നത്തെ മത്സരം അങ്ങേയറ്റം നിർണായകമാണ്. നിലവിൽ ഗ്രൂപ്പ് എച്ചിലെ നാല് ടീമുകളും ഓരോ പോയിന്റോടെ തികഞ്ഞ തുല്യതയിലായതിനാൽ ഇന്നത്തെ ജയം സൗദിയെ നാല്​ പോയി​േൻറാടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിക്കുകയും അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പാക്കുകയും ചെയ്യും. മറുവശത്ത്, പുതുമുഖങ്ങളായ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതി​െൻറ കടുത്ത സമ്മർദ്ദത്തിലാണ് മുൻ ചാമ്പ്യന്മാരായ സ്പെയിൻ.

അതുകൊണ്ടുതന്നെ യൂറോപ്യൻ ടീമുകൾക്കെതിരെയുള്ള തങ്ങളുടെ പഴയ കറുത്ത ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വീണ്ടുമൊരു ലോകകപ്പ് അട്ടിമറി നടത്താൻ സൗദിക്ക് മുന്നിലുള്ള സുവർണാവസരമാണിത്. ലമിൻ യമാലിനെപ്പോലെയുള്ള സൂപ്പർ താരങ്ങൾ അണിനിരക്കുന്ന സ്പാനിഷ് മുന്നേറ്റത്തെ പൂട്ടാൻ കൃത്യമായ പ്ലാനുകളോടെയാണ് പരിശീലകൻ ജോർജിയോസ് ഡോണിസും സംഘവും വരുന്നത്. വാം-അപ്പുകൾക്ക് ശേഷം പന്ത് കൂടുതൽ സമയം കൈവശം വെച്ചുകൊണ്ടുള്ള കളിക്കും, പകുതി മൈതാനം കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ നീക്കങ്ങൾക്കുമാണ് പരിശീലനത്തിൽ സൗദി ഊന്നൽ നൽകിയത്.

സെറ്റ് പീസുകളിലെ മികവും ഒപ്പം വിങ്ങർമാരിലൂടെയുള്ള മിന്നൽ കൗണ്ടർ അറ്റാക്കുകളും കോർത്തിണക്കിയുള്ള കളിശൈലിയിലൂടെ സ്പെയിനിനെ തളയ്ക്കാനാണ് പച്ചപ്പരുന്തുകളുടെ ഭാവം. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ കടുത്ത വെല്ലുവിളിയെ നേരിടാൻ പൂർണ്ണ സജ്ജരായാണ് സൗദി പടയൊരുക്കം പൂർത്തിയാക്കിയിരിക്കുന്നത്.