പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതിയുടെ മരണം; നടൻ അല്ലു അ‍ർജുനെതിരെ കേസ്

Woman dies during Pushpa 2 premiere; Case filed against actor Allu Arjun

 

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അ‍ർജുനെതിരെ കേസ്. ഹൈദരാബാദിലെ പ്രദർശനത്തിനിടെ അല്ലു അ‍ർജുൻ തീയറ്ററിൽ എത്തിയതിനെ തുടര്‍ന്നായിരുന്നു തിരക്കുണ്ടായത്‌. നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തീയറ്ററിനെതിരേയും കേസെടുക്കുമെന്ന് ഹൈദരാബാദ് ഡിസിപി പറഞ്ഞു.

താരം തീയറ്ററിൽ എത്തുന്ന വിവരം പൊലീസിനെ വളരെ വൈകിയാണ് തീയേറ്റർ ഉടമകൾ അറിയിച്ചതെന്ന് ഹൈദരാബാദ് ഡിസിപി വ്യക്തമാക്കി. തീയറ്റർ ഉടമ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയായിരുന്നു അപകടം. ദിൽസുഖ് നഗറിലെ രേവതിയാണ് (39) മരിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി സിനിമ കാണാനെത്തിയത്. അല്ലു അര്‍ജുനെ കാണാന്‍ ആളുകള്‍ ഉന്തും തള്ളുമുണ്ടാക്കിയതോടെ രേവതയും മകനും ഇതിനിടയില്‍ പെടുകയായിരുന്നു. പൊലീസും അടുത്തുണ്ടായിരുന്നവരും ഉടന്‍ തന്നെ യുവതിക്കും മകനും സിപിആര്‍ നല്‍കുകയും തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *