​'ഫൈനലും ബഹിഷ്‍കരിക്കുമോ'; പാകിസ്താനെ വിമർശിച്ച് അശ്വിനും പീറ്റേഴ്സണും

മുംബൈ: ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‍കരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാകിസ്താനെതിരെ വിമർശനവുമായി ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സണും മുൻ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനും. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് കെവിൻ പീറ്റേഴ്സൺ ഇക്കാര്യത്തിൽ പ്രതികരണമറിയിച്ചത്.

ഗ്രൂപ്പ്, പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കേണ്ടി വന്നാൽ പാകിസ്താൻ അതും ബഹിഷ്‍കരിക്കുമോയെന്ന് പീറ്റേഴ്സൺ ചോദിച്ചു. ഫൈനലിൽ കളിക്കാനും അവർ വിസമ്മതിക്കുമോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരം ഇല്ലാതായാൽ ട്വന്റി 20 ലോകകപ്പിനോട് തന്നെ ബൈ പറയുമെന്നായിരുന്നു അശ്വിന്റെ പ്രതികരണം.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കളിക്കില്ല; ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമെന്ന് പി.സി.ബി

ലാഹോർ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് ടീമിന് അനുമതി നൽകിയ പാകിസ്താൻ സർക്കാർ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനും തീരുമാനിച്ചു. ലോകകപ്പിൽനിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യാദാർഢ്യമായി തങ്ങൾ ഇന്ത്യയുമായി കളിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാറിന്റെ അനുമതി തേടിയത്. ഇതോടെ ആരാധകർ കാത്തിരിക്കുന്ന ഫെബ്രുവരി 15ലെ കൊളംബോ പോരാട്ടം നടക്കില്ലെന്ന് ഉറപ്പായി.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളായ ശേഷം ഏതാനും വർഷങ്ങളായി നിഷ്പക്ഷ വേദിയിലാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ മാത്രമേ ഇപ്പോൾ മെൻ ഇൻ ബ്ലൂവും പച്ചപ്പടയും നേർക്കുനേർ വരാറുള്ളൂ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സരത്തിനിടയിലെ ഹസ്തദാനവും ഇന്ത്യ ഒഴിവാക്കി. ട്വന്റി20 ലോകകപ്പിൽ ഗ്രൂപ് എ-യിലാണ് ഇന്ത്യയും പാകിസ്താനും. പാകിസ്താന്റെ മത്സരങ്ങൾക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്.

ഇടക്ക് ഇന്ത്യയും ബംഗ്ലാദേശും തമ്മിലെ ബന്ധവും വഷളായതാണ് പുതിയ സംഭവ വികാസങ്ങളിലേക്കെത്തിച്ചത്. തുടർന്ന് ഐ.പി.എല്ലിൽനിന്ന് ബംഗ്ലാ ബൗളർ മുസ്തഫിസുർറഹ്മാനെ പുറത്താക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ടീമിനെ അയക്കില്ലെന്ന നിലപാട് ബംഗ്ലാദേശും സ്വീകരിച്ചു. സഹആതിഥേയ രാജ്യമായ ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇത് നിരാകരിച്ചതോടെ ബംഗ്ലാദേശ് ലോകകപ്പിൽനിന്നുതന്നെ പിന്മാറി.