കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

Young man dies after being hit by bus in Thrissur after cutting bike to avoid falling into a ditch

തൃശൂരിൽ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എൽതുരുത്ത് സ്വദേശി 24 വയസുള്ള ആബേൽ ചാക്കോ പോൾ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് – ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളത്തേക്ക് പോയിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആബേൽ ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ആബേൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞു. പിന്നാലെയെത്തിയ കോൺഗ്രസ്- ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരും ബിജെപി തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവർത്തകരുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ ഏറെനേരം വാഹനങ്ങൾ തടഞ്ഞു. ഇതിനിടെ പൊലീസ് സമരക്കാരെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലൻസിനോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് തൃശൂർ എം.ജി റോഡിൽ സമാന രീതിയിലുള്ള അപകടത്തിൽ പൂങ്കുന്നം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *