തുറന്ന ജീപ്പില്‍ കേക്കുമുറി, നഗരപ്രദക്ഷിണം; തെരുവു നായയുടെ ജന്മദിനം ആഘോഷിച്ച് യുവാക്കൾ
മധ്യപ്രദേശിൽ തെരുവു നായയ്‌ക്ക് വ്യത്യസ്‍തമായ ജന്മദിനം ആഘോഷിച്ച് ഒരു കൂട്ടം യുവാക്കൾ. മധ്യപ്രദേശിലെ ദേവാസ് സിറ്റിയിലായിരുന്നു ഈ വ്യത്യസ്തമായ ആഘോഷം. ഇവിടത്തുകാരുടെ പ്രിയപ്പെട്ട നായയാണ് തെരുവില്‍ കഴിയുന്ന ‘ലൂഡോ’.
ലൂഡോ മധ്യപ്രദേശിലെ ദേവാസ് സിറ്റിക്കാരനാണ്. ദേവാസ് സിറ്റിയിലെ തെരുവില്‍ ജനിച്ച് വളര്‍ന്ന ലൂഡോയ്ക്ക് ആരാധകര്‍ നിരവധിയാണ്. അവന് വേണ്ടി തുറന്ന ജീപ്പില്‍ നഗര പ്രദക്ഷിണം നടത്തി, കേക്ക് മുറിച്ച് ആഘോഷിക്കാന്‍ പോലും തയ്യാറുള്ള ആരാധകരാണുള്ളത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
നഗര മധ്യത്തില്‍ ഉയര്‍ത്തിയ ഒരു ബില്‍ബോർഡില്‍ ‘ഞങ്ങളുടെ പ്രിയപ്പെട്ട, വിശ്വസ്തനായ, സഹോദരൻ ലുഡോ, നിങ്ങളുടെ ജന്മദിനത്തിന് അഭിനന്ദനങ്ങൾ.’ എന്ന് എഴുതിയിരിക്കുന്നത് വിഡിയോയിൽ കാണാം. പിന്നാലെ സ്റ്റോറി ഓഫ് എ ഗ്യാങ്സ്റ്റര്‍ എന്ന പ്രഖ്യാപനത്തോടെ പാട്ട് തുടങ്ങുന്നു.
രാത്രിയില്‍ മാലയൊക്കെ അണിയിച്ച് തുറന്ന ജീപ്പില്‍ ലുഡോയുമൊത്ത് യുവാക്കൾ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിന് പിന്നാലെ ലൂഡോ എന്നെഴുതിയ ഒരു കേക്ക് ജീപ്പിന് മുകളില്‍ വച്ച് തെരുവോരത്ത് നിന്നും മുറിക്കുന്നു. കേക്ക് ആസ്വദിക്കുന്ന ലൂഡോയെയും വിഡിയോയില്‍ കാണാം.