എംഡിഎംഎ വിഴുങ്ങി യുവാവിന്റെ മരണം: മരണകാരണം പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിൽ എംഡിഎംഎ വിഴുങ്ങി മരിച്ച അമ്പായത്തോട് സ്വദേശി ഷാനിദിന്റെ പോസറ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. അമിത അളവിൽ മയക്ക് മരുന്ന് ശരീരത്തിൽ പ്രവേശിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഷാനിദിന്റെ വയറ്റിൽ നിന്ന് രണ്ടു പാക്കറ്റുകളാണ് കണ്ടെത്തിയത്. ഒന്നിൽ 9 ഗ്രാം കഞ്ചാവ്, മറ്റൊന്നിൽ ദ്രാവക രൂപത്തിലെ എംഡിഎംഎയായിരുന്നെനും താമരശ്ശേരി ഡിവൈഎസ്പി കെ സുഷീർ, പേരാമ്പ്ര ഡിവൈഎസ്പി ലതീഷ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. MDMA
കഴിഞ്ഞദിവസം രാവിലെ അമ്പായത്തോട് മേലെ പള്ളിക്ക് സമീപം നടന്ന പരിശോധനക്കിടെയാണ് ഷാനിദിനെ താമശേരി പൊലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നത്. പൊലീസിനെ ഭയന്ന് കയ്യിലുണ്ടായിരുന്ന രണ്ട് കവർ എംഡിഎംഎ സംഭവസ്ഥലത്ത് വച്ച് തന്നെ വിഴുങ്ങി. തുടർന്ന് ഓടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. വയറ്റില്‍ എംഡിഎംഎയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തി കവർ പുറത്തെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ശസ്ത്രക്രിയക്ക് തയ്യാറാക്കുന്നതിനിടെ ഇയാള്‍ ഗുരുതരാവസ്ഥയിലേക്ക് പോവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എംഡിഎംഎ കൈവശം വെച്ചതിന് താമരശ്ശേരി പൊലീസ് ഷാനിദിനെതിരെ കേസെടുത്തിരുന്നു.