ഓരോ ലൈക്കിനും 50 രൂപ പ്രതിഫലമെന്ന് വാഗ്ദാനം; യുവാവിന് നഷ്ടമായത് എട്ടരലക്ഷം രൂപ

ഗുരുഗ്രാം: ഓൺലൈൻ വഴി തട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്ന സംഭവങ്ങള് രാജ്യത്ത് വലിയ രീതിയിൽ കൂടിവരികയാണ്. അത്തരത്തിലുള്ള ഒരു തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യുന്നതിന് പണം നൽകാമെന്ന തട്ടിപ്പുകാരുടെ വലയിൽ വീണ യുവാവിന് 8.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ഗുരുഗ്രാം സ്വദേശിയായ സിമ്രൻജീത് സിംഗ് നന്ദയിൽ നിന്നാണ് 8.5 ലക്ഷം രൂപ തട്ടിയെടുത്തത്. ഓരോ ലൈക്കിനും 50 രൂപ വീതം ലഭിക്കുമെന്നായിരുന്നു തട്ടിപ്പുകാർ നൽകിയ വാഗ്ദാനം.

പിടിഐ റിപ്പോർട്ട് പ്രകാരം തട്ടിപ്പുകാർ ഇരയെ സമീപിച്ച് ഓരോ ലൈക്കിനും 50 രൂപ നൽകാമെന്ന് പറഞ്ഞു. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് തട്ടിപ്പുകാർ ഇയാളെ സമീപിച്ചത്. യൂട്യൂബ് വീഡിയോകളിലെ ഓരോ ലൈക്കിനും 50 രൂപ എന്നായിരുന്നു പ്രാരംഭ നിർദേശം.

എന്നാൽ,അതിന് പിന്നാലെ തട്ടിപ്പുകാർ ‘മർച്ചന്റ് ടാസ്‌ക്കുകൾ’ക്കായി കുറച്ച് പണം തങ്ങൾക്ക് കൈമാറണമെന്ന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ വാക്കുകൾ വിശ്വസിച്ച യുവാവ് മാർച്ച് 27, 28, 29, 30 തീയതികളിലായി വിവിധ ഇടപാടുകളിലായി ഏകദേശം 8.5 ലക്ഷം രൂപ കൈമാറുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആംരഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *