ചൈനയാണ് റഷ്യക്ക് ആയുധങ്ങൾ നൽകുന്നതെന്ന് സെലൻസ്കി; യുക്രൈൻ- ക്രെംലിൻ സാമാധാന ചര്‍ച്ച നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് യുഎസ്
കിയവ്: ചൈന റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നുണ്ടെന്ന് യുക്രൈനിന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കി. “റഷ്യയുടെ പ്രദേശത്ത് ചില ആയുധങ്ങൾ നിർമിക്കുന്നതിൽ ചൈനീസ് പ്രതിനിധികൾ ഏർപ്പെട്ടിരിക്കുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം കിയവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.Russia
പീരങ്കി സംവിധാനങ്ങളെയാണോ അതോ ഷെല്ലുകളെയാണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. റഷ്യയ്ക്കുവേണ്ടി പോരാടുന്ന ചൈനീസ് പൗരന്മാരെ പിടികൂടിയതിനെത്തുടർന്ന് കിയവും ബെയ്ജിങ്ങും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ഈ ആരോപണം സാധ്യതയുണ്ട്. യുക്രൈൻ-റഷ്യ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ചൈനയുടേത്. സമാധാനത്തിലേക്ക് നയിക്കുന്നതിന് റഷ്യയുടെ മേലുള്ള സ്വാധീനം ചൈന ഉപയോഗിക്കണമെന്ന് യുക്രൈൻ മുമ്പ് ആവശ്യപ്പെട്ടിരുന്നു. “പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി ചൈനയും റഷ്യയും നടത്തിയ ഈ പ്രവർത്തനത്തെക്കുറിച്ചുള്ള വസ്തുതകൾ ഞങ്ങളുടെ പക്കലുണ്ട്,” സെലെൻസ്‌കി പറഞ്ഞു. മോസ്കോയ്ക്ക് ആയുധങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് തനിക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റഷ്യ-യുക്രൈൻ സമാധാന ചര്‍ച്ചകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി. റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന കരാറിൽ വ്യക്തമായ സൂചനകൾ ലഭിച്ചില്ലെങ്കിൽ, ദിവസങ്ങൾക്കുള്ളിൽ അമേരിക്ക തങ്ങളുടെ മധ്യസ്ഥത ഉപേക്ഷിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളിൽ നിന്ന് വൈറ്റ് ഹൗസ് പിന്മാറാൻ സാധ്യതയുണ്ടെന്ന ഏറ്റവും വ്യക്തമായ സൂചനയാണ് റൂബിയോയുടെ അഭിപ്രായ പ്രകടനം. കഴിഞ്ഞ മാസം 30 ദിവസത്തെ വെടിനിർത്തലിനുള്ള യുഎസ് നിർദേശം യുക്രൈൻ അംഗീകരിച്ചിരുന്നു.