ഒരു ലഡ്ഡുവിന് 1.87 കോടി രൂപ!; റെക്കോർഡ് തുക ഗണപതി പൂജാ ആഘോഷവേദിയിലെ ലേലത്തിൽ

1.87 crore per laddu!; Record amount at Ganpati Puja festival auction

 

ഹൈദരാബാദ്: ഗണപതി പൂജ ആഘോഷങ്ങളുടെ സമാപനത്തിന് മുന്നോടിയായി ഒരു ലഡ്ഡു ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ ബന്ദ്‌ലഗുഡ ജാഗിർ ഏരിയയിലെ കീർത്തി റിച്ച്‌മണ്ട് വില്ലസിലായിരുന്നു ലേലം.

ലേലത്തിൽ 1.87 കോടി രൂപയാണ് ഗണപതി ലഡ്ഡുവിന് ലഭിച്ചത്. കഴിഞ്ഞവർഷത്തെ റെക്കോർഡ് ഭേദിക്കുന്നതാണ് ഇത്തവണത്തെ ലേലത്തുക. കഴിഞ്ഞവർഷം 1.26 കോടിയായിരുന്നു ഇതേ ലേല വേദിയിൽ ലഡ്ഡുവിന് ലഭിച്ചത്. ഇത്തവണ 61 കോടിയുടെ വർധന. 2022ലെ ലേലത്തിൽ 60 ലക്ഷം രൂപയായിരുന്നു ലേലത്തുക.

100 പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഇവരെ 25 പേർ വീതമുള്ള നാല് ടീമുകളായി തിരിച്ചായിരുന്നു ലേലം. ഇതിലൊരു ടീമാണ് ലേലം പിടിച്ചത്. ഈ തുക പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന ചെയ്യും. കഴിഞ്ഞ വർഷം ലേലത്തിൽ നിന്ന് ലഭിച്ച തുകയും സമാനരീതിയിലായിരുന്നു ഉപയോ​ഗിച്ചത്.

ഇതിനിടെ, ഗണപതി ആഘോഷത്തിൻ്റെ അവസാന ദിവസം 1994 മുതൽ വർഷം തോറും ലേലം ചെയ്തുവരുന്ന ബാലാപൂർ ഗണേഷ് ലഡ്ഡുവും ഇത്തവണ റെക്കോർഡ് തുകയ്ക്കാണ് ലേലത്തിൽ പോയത്. തിങ്കളാഴ്ച രാവിലെ ബിജെപി നേതാവ് കോലൻ ശങ്കർ റെഡ്ഡി 30.1 ലക്ഷം രൂപയ്ക്കാണ് ലഡ്ഡു ലേലത്തിൽ വാങ്ങിയത്.

കഴിഞ്ഞ വർഷം 27 ലക്ഷമായിരുന്നു ഈ ലഡ്ഡുവിന് ലഭിച്ചത്. 1994ൽ കർഷകനായ കോലൻ മോഹൻ റെഡ്ഡി 450 രൂപയ്ക്ക് വാങ്ങിയതോടെയാണ് ബാലാപൂർ ഗണേശ് ലഡ്ഡു ലേലം ചെയ്യുന്ന പതിവ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *