‘3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി.. ധനുഷിന് പക, ഉള്ളിലുള്ള സ്വഭാവം പുറത്ത് വന്നു’; ആഞ്ഞടിച്ച് നയൻതാര
നാനും റൗഡി താൻ സിനിമയിലെ ബിടിഎസ് രംഗങ്ങൾ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയിലുപയോഗിച്ചതിന് നയൻതാരയ്‌ക്കെതിരെ നടൻ ധനുഷ് കോപ്പിറൈറ്റ്‌സ് നോട്ടീസ് അയച്ചത് വലിയ വാർത്തയായിരുന്നു. 3 സെക്കൻഡ് ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു സിനിമയുടെ നിർമാതാവായ ധനുഷ് മുന്നോട്ടു വെച്ച ആവശ്യം. എന്നാൽ വിഷയത്തിൽ ധനുഷിനെതിരെ രൂക്ഷഭാഷയിലിപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നയൻതാര. ധനുഷിന്റേത് വെറും പകർപ്പവകാശ പ്രശ്‌നമല്ലെന്നും ധനുഷ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും നയൻതാര തുറന്നടിച്ചു. ധനുഷിനെ പരാമർശിച്ച്, ഇൻസ്റ്റഗ്രാമിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം.Nayanthara
തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ സിനിമയിലെ പാട്ടുപയോഗിക്കാൻ രണ്ട് വർഷത്തോളം ധനുഷിന്റെ നിർമാണക്കമ്പനിയിൽ നിന്ന് അനുമതിക്ക് കാത്തു എന്നാണ് നയൻതാര പറയുന്നത്. ഒരുപാട് തവണ ഇക്കാര്യം ധനുഷിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും ധനുഷ് ഇക്കാര്യം മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നുവെന്നും നയൻതാര കത്തിൽ കുറിക്കുന്നു.
കത്തിന്റെ പൂർണരൂപം:
ഒരുപാട് കാര്യങ്ങളിലെ തെറ്റിദ്ധാരണ മാറ്റാനാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. അങ്ങയെപ്പോലെ എല്ലാവിധ പിന്തുണയോടെയും വളർന്നു വന്ന കലാകാരൻ ഒരു കാര്യം മനസ്സിലാക്കണം. സിനിമ എന്ന് പറയുന്നത് നിലനിൽപ്പിന് വേണ്ടി നിരന്തരം പരിശ്രമിക്കേണ്ട, എന്നെപ്പോലെ ഉള്ള ആളുകളുടേത് കൂടിയാണ്. ഇൻഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഇന്ന് ഈ നിലയിലെത്തിയതിന് പിന്നിൽ ഒരുപാട് കഷ്ടപ്പാടുണ്ട്, അധ്വാനമുണ്ട്. പ്രേഷകരോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാനതിന് എന്നും കടപ്പെട്ടിരിക്കും.
എന്റെ വിവാഹ ഡോക്യുമെന്ററി എന്നെപ്പോലെ തന്നെ എന്റെ ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളത് പുറത്തിറക്കുന്നത്. നിങ്ങൾ വ്യക്തിവൈരാഗ്യം തീർക്കുമ്പോൾ അത് എന്നെയും എന്റെ പങ്കാളിയെയും മാത്രമല്ല, ഒരു ടീമിനെ തന്നെ കാര്യമായി ബാധിക്കും. എന്നെയും എന്റെ വിവാഹജീവിതത്തെയും കുറിച്ചുള്ള ഈ ഡോക്യുമെന്ററിയിൽ എന്റെ മറ്റ് പല സിനിമകളിലെയും ക്ലിപ്പുകളും ഇൻഡസ്ട്രിയിലെ പലരും പങ്കുവച്ച ഓർമകളും ഒക്കെയുണ്ട്. പക്ഷേ എനിക്കേറ്റവും പ്രിയപ്പെട്ട, എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ നാനും റൗഡി താനിലെ ഒന്നും തന്നെയില്ല.
ആ ഡോക്യുമെന്ററിയുടെ റിലീസിന് നിങ്ങളുടെ എൻഒസിയ്ക്കായി(നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) രണ്ട് വർഷത്തോളം ഞങ്ങൾ കാത്തു. അവസാനം സഹികെട്ടാണ് ഡോക്യുമെന്ററി വീണ്ടും എഡിറ്റ് ചെയ്ത് പുതിയ വേർഷൻ ആക്കിയത്. സിനിമയിലെ പാട്ടോ ക്ലിപ്പുകളോ എന്തിന് ഫോട്ടോ പോലും ഉപയോഗിക്കാനുള്ള അനുമതി നിങ്ങൾ തന്നില്ല.
ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ നാനും റൗഡി താനിലെ പാട്ടുകളേക്കാൾ മികച്ച ഒന്നില്ല എന്നിരിക്കെ അതിന് താങ്കൾ സമ്മതം നൽകാഞ്ഞത് ഹൃദയഭേദകമായിരുന്നു. കോപ്പിറൈറ്റ് പ്രശ്‌നങ്ങളാണ് അതിന് പിന്നിൽ എങ്കിൽ മനസ്സിലാക്കാമായിരുന്നു, എന്നാൽ ഇത് താങ്കൾ വ്യക്തിവൈരാഗ്യം തീർത്തതാണ് എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. എൻഒസിക്കുള്ള അനുമതി വൈകിയത് ഈ പകപോക്കലിന്റെ ഫലമാണെന്നതും സഹിക്കാനാവുന്നില്ല.
ഇതൊന്നും കൂടാതെ ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ റിലീസായതിന് പിന്നാലെ താങ്കൾ ലീഗൽ നോട്ടീസ് അയച്ചത് അതിലും വലിയ ഷോക്ക് ആയിരുന്നു. വെറും 3 സെക്കൻഡ് വീഡിയോയ്ക്ക് വേണ്ടി 10 കോടിയാണ് താങ്കൾ ആവശ്യപ്പെട്ടത്. ആ ക്ലിപ്പ് ആകട്ടെ ഞങ്ങൾ പേഴ്‌സണൽ ഡിവൈസുകളിൽ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതും.
3 സെക്കൻഡിന് കോടികൾ- അത് വളരെ മോശമായിപ്പോയി. നിങ്ങളുടെ സ്വഭാവമാണ് അത് വ്യക്തമാക്കുന്നത്. നിങ്ങൾ പുറത്തുകാട്ടുന്ന വ്യക്തിത്വത്തിന്റെ പകുതിയെങ്കിലും നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. സ്‌റ്റേജ് ഷോകളിലും ഓഡിയോ ലോഞ്ചിലുമൊക്കെ ആരാധകരെ പറ്റിക്കാൻ കാണിക്കുന്ന ആ പാവം സ്വഭാവമല്ല താങ്കൾക്ക് എന്ന് എനിക്കും എന്റെ പങ്കാളിക്കുമറിയാം.
സെറ്റിലെ എല്ലാവരുടെയും സ്വകാര്യതയിലും സ്വാതന്ത്ര്യത്തിലുമൊക്കെ കൈകടത്താൻ പോന്ന ഏകാധിപതിയായി നിർമാതാക്കൾ മാറുമോ? ആ ഏകാധിപതിയുടെ ആജ്ഞ അനുസരിക്കാതിരുന്നാൽ നിയമപരമായ നടപടികളുണ്ടാകുമോ?
താങ്കളുടെ നോട്ടീസിന് നിയമപരമായി തന്നെ ഞങ്ങൾ മറുപടി നൽകുന്നതായിരിക്കും. ആ സിനിമയിലെ ഗാനം ഡോക്യുമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചിലപ്പോൾ നിങ്ങൾക്ക് കോടതിയിൽ എതിർക്കാനായേക്കാം. പക്ഷേ ദൈവത്തിന്റെ കോടതി എന്നൊന്നുണ്ട്. അവിടെ നിങ്ങൾ ഇതിന് ഉത്തരം പറഞ്ഞേ തീരൂ.
നാനും റൗഡി താൻ ഇറങ്ങിയിട്ട് പത്ത് വർഷമാകുന്നു. ഇത്രയും നാൾ ഇങ്ങനെയൊരു പക തുടരാൻ അത്രയും നീചനായ ഒരാളെക്കൊണ്ടേ സാധിക്കൂ. ലോകത്തിന് മുന്നിൽ മുഖംമൂടിയണിഞ്ഞ് നിങ്ങളത് ഭംഗിയായി മറച്ചുപിടിച്ചു. വലിയ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന ആ സിനിമയെ കുറിച്ച് നിങ്ങൾ പറഞ്ഞ മോശം വാക്കുകൾ ഞാൻ മറന്നിട്ടില്ല. സിനിമയുടെ പ്രീറിലീസ് സമയം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾ ഇതിനകം തന്നെ ഞങ്ങൾക്ക് വലിയ മുറിവുകൾ മാനസികമായി ഉണ്ടാക്കി. സിനിമ ഒരു ബ്ലോക്ബസ്റ്റർ ആയ സമയം നിങ്ങൾക്ക് വലിയ ഈഗോ പ്രശ്‌നമുണ്ടായതായി പലരും പറഞ്ഞ് ഞാനറിഞ്ഞിട്ടുണ്ട്. അത് 2016ലെ ഫിലിംഫെയറിൽ എല്ലാവരും കാണുകയും ചെയ്തു.
ബിസിനസിലുള്ള മത്സരം മാറ്റിനിർത്തിയാൽ, മുഖ്യധാരയിൽ നിൽക്കുന്ന ആരും തന്നെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ കൈകടത്താറില്ല. മാന്യതയും മര്യാദയുമൊക്കെ അത്തരം കാര്യങ്ങളിൽ അനിവാര്യവുമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ ഇത്തരം സമീപനങ്ങൾ പ്രോത്സാഹിപ്പിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം, അത് അങ്ങയെപ്പോലെയുള്ള പ്രമുഖരുടെ ഭാഗത്ത് നിന്നായാൽ പോലും. മറ്റുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥതപ്പെടേണ്ട ആവശ്യമില്ല, അങ്ങത് മനസ്സിലാക്കുമെന്നാണ് ഞാൻ കരുതുന്നത്.
ഈ ലോകം എല്ലാവർക്കുമുള്ളതാണ്. സിനിമാ പാരമ്പര്യമില്ലാത്ത ആളുകളും സിനിമയിൽ വലിയ നിലയിൽ എത്തിയെന്നിരിക്കും. പുതിയ പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെന്നിരിക്കും. അത് അവരുടെ കഷ്ടപ്പാടിന്റെ ഫലമാണ്. അത് നിങ്ങൾക്കൊരു നഷ്ടവുമുണ്ടാക്കുന്നില്ല. അതിലൊരു തെറ്റും കാണേണ്ടതില്ല.
നിങ്ങൾ ചിലപ്പോൾ ഒരു കഥ മെനഞ്ഞ് മാസ് ഡയലോഗുകളുമായി അടുത്ത ഓഡിയോ ലോഞ്ചിന് എത്തിയെന്നിരിക്കും. പക്ഷേ മുകളിലൊരാൾ ഇതൊക്കെ കാണുന്നുണ്ട് എന്ന് ഓർമ വേണം. മറ്റുള്ളവരുടെ സന്തോഷത്തിലും നമുക്ക് സന്തോഷം കണ്ടെത്താനാവും. ഞങ്ങളുടെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി താങ്കൾ കാണണമെന്നാണ് ഞാൻ പറയുന്നത്. ചിലപ്പോൾ അത് നിങ്ങളുടെ മനസ്സ് മാറ്റിയേക്കാം. സ്‌നേഹം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. അത് വെറുതെ പറഞ്ഞ് നടക്കാനല്ലാതെ പ്രകടിപ്പിക്കാനും നിങ്ങൾക്കാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
നയൻതാരയെ നായികയാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത സിനിമയാണ് ‘നാനും റൗഡി താൻ’. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്‌നേഷും നയൻതാരയും പ്രണയത്തിലായത് എന്നാണ് പറയപ്പെടുന്നത്. ഡോക്യുമെന്ററിയിൽ ഈ സിനിമയെ കുറിച്ച് പരാമർശവുമുണ്ട്. നവംബർ 18നാണ് ഡോക്യുമെന്ററിയുടെ റിലീസ്