മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം
സിങ്കപ്പൂർ: മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 9.32 ഓടെ ലുമുട്ട് നേവൽ ബേസിലായിരുന്നു അപകടം നടന്നത്. റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്‌സൽ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. helicopters collide
ഹെലികോപ്ടറിലുണ്ടായിരുന്നു 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ലുമുട്ട് ആർമി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിന്‍റെ കാരണം അന്വേഷിക്കാൻ സമിതി രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒരു ഹെലികോപ്ടറില്‍ ഏഴുപേരും മറ്റൊന്നില്‍ മൂന്നുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹെലിക്പോറ്റര്‍ തകര്‍ന്ന് സമീപത്തെ നീന്തല്‍കുളത്തിലാണ് വീണത്.
മാർച്ചിൽ മലേഷ്യൻ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ മലേഷ്യയിലെ ആംഗ്സ ദ്വീപിന് സമീപം കടലിൽ തകർന്നു വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെയും സഹപൈലറ്റിനെയും രണ്ട് യാത്രക്കാരെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.