ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 12 പേർ മരിച്ച നിലയിൽ: കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് സംശയം

dead

റ്റ്ബിലിസി: ജോർജിയയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ 12 പേർ മരിച്ച നിലയിൽ. ഗുഡൗരിയിലെ പ്രശസ്തമായ സ്കീ റിസോട്ടിലെ ഇന്ത്യൻ റെസ്റ്റോറന്റിന്റെ രണ്ടാം നിലയിലെ മുറികളിലാണ് 12 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ജോർജിയൻ പൊലീസ് അറിയിച്ചു.dead

മരിച്ചവരിൽ 11 പേർ വിദേശ പൗരന്മാരും ഒരാൾ ജോർജിയൻ പൗരനുമാണ്. ഇവർ റെസ്റ്റോറന്റിലെ ജീവനക്കാരാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജീവനക്കാർ ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽ നിന്നാവാം കാർബൺ മോണോക്‌സൈഡ് വമിച്ചതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയിട്ടുണ്ട്. “മരണത്തിൻ്റെ കൃത്യമായ കാരണം നിർണയിക്കാൻ കൂടുതൽ പരിശോധനകൾക്കും ഫോറൻസിക്, മെഡിക്കൽ വിശകലനത്തിനും ഉത്തരവിട്ടിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ട്.

മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടിലധികം പേർ മരിച്ചാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *