അരീക്കോട് പതിമൂന്നുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും; വിവരം മറച്ചു വെച്ച ഡോക്ടര്‍ രണ്ടാം പ്രതി
മലപ്പുറം: അരീക്കോട് 13കാരി ഗര്‍ഭിണിയായെന്ന കേസില്‍ പ്രതിയായ സഹോദരന് 123 വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം അരീക്കോടിനടുത്ത 24കാരനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
2019 നവംബറിലാണ് കേസിന്നാസ്പദമായ സംഭവം. അന്ന് 19 വയസ്സു പ്രായമുള്ള മൂത്ത സഹോദരനായ പ്രതി ബാലികയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. ഏതാണ്ട് ആറു മാസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി പരിശോധിച്ചതിലാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഇക്കാര്യം ഡോക്ടര്‍ പൊലീസില്‍ അറിയിച്ചില്ല.
പിന്നീട് മൂന്ന് മാസം കഴിഞ്ഞ് പ്രസവ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റൊരു ഡോക്ടറുടെ ചികിത്സയില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞിനെ ചൈല്‍ഡ് വൈല്‍ഫെയര്‍ കമ്മറ്റി മുഖേന ദത്ത് നല്‍കി. ഈ ഡോക്ടറാണ് വിവരം അരീക്കോട് പൊലീസില്‍ അറിയിക്കുന്നത്.
ഇതോടെ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പൊലീസിലും മജിസ്ട്രേറ്റിന് മുന്നിലും കുട്ടി ഗര്‍ഭത്തിനുത്തരവാദി മൂത്ത സഹോദരനാണെന്ന് മൊഴി നല്‍കിയിരുന്നു. കേസ് കോടതിയില്‍ എത്തിയതോടെ ഒന്ന്, രണ്ട്, മൂന്ന് സാക്ഷികളായ കുട്ടിയും മാതാവും അമ്മാവനും കൂറുമാറി. എന്നാല്‍ ഡി എന്‍ എ ഫലം വന്നതോടെ കുഞ്ഞിന്റെ പിതാവ് പ്രതി തന്നെയാണെന്ന് തെളിഞ്ഞു. പരിശോധന നടത്തിയ ഡയറക്ടര്‍ ഓഫ് ഫോറന്‍സിക് ലാബ് അസിസ്റ്റന്റിനെ കോടതി മുമ്ബാകെ പ്രോസിക്യൂഷന്‍ വിസ്തരിക്കുകയും ചെയ്തു.
പ്രതിയായ മകനെ സംരക്ഷിക്കാനാണ് സാക്ഷികള്‍ കൂറുമാറിയതെന്നും ശാസ്ത്രീയ തെളിവുകള്‍ കുറ്റകൃത്യം വ്യക്തമാക്കുന്നുവെന്നുമുള്ള സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത അതിജീവിത ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ചികിത്സ തേടിയ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രി ഡോക്ടറെ പൊലീസ് കേസിലെ രണ്ടാം പ്രതിയാക്കിയിരുന്നു.
എന്നാല്‍ ഈ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിക്കെതിരെയുള്ള കേസ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്. 16വയസ്സിന് താഴെയുള്ള കുട്ടിയെ ബലാല്‍സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 376 (3), ബന്ധുവായ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ ആക്‌ട് അഞ്ച് (എന്‍), പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്സോ ആക്ടിലെ അഞ്ച് (ജെ) എന്നീ വകുപ്പുകളിലാണ് ശിക്ഷ.
ഓരോ വകുപ്പിലും 40 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം തടവ് എന്നിങ്ങനെയും ശിക്ഷയുണ്ട്. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എന്‍ വി ദാസന്‍, ബിനു തോമസ്, എ ഉമേഷ് എന്നിവരായിരുന്നു കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 25 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു.