ആറാഴ്ചക്കിടെ 16 മരണം; അസ്വാഭാവികതയുടെ ഭീതിയിൽ ജമ്മു കശ്മീരിലെ രജൗരി
ശ്രീനഗർ: ജമ്മു കശ്മീരിൽ 45 ദിവസങ്ങളിലുള്ളിൽ 16 പേർ മരണപ്പെട്ട സംഭവം പ്രദേശത്താകെ ഭീതി പടർത്തുന്നു. രജൗരിയിലെ ബാദൽ ഗ്രാമത്തിലാണ് സംഭവം. കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയോട ആശുപത്രിയിലെത്തിയ രോഗികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആദ്യത്തെ മരണം സംഭവിക്കുന്നത് ഡിസംബർ അഞ്ചിനാണ്. ഒരു കുടുംബത്തിലെ ഏഴ് പേർ അസുഖബാധിതരായി അതിൽ അഞ്ച് പേരാണ് ആദ്യം മരിച്ചത്. ഗ്രാമത്തിൽ നടത്തിയ സമൂഹ സദ്യക്ക് ശേഷമായിരുന്നു മരണം. സംഭവം നടന്ന അഞ്ച് ദിവസത്തിനുശേഷം, ഡിസംബർ 12ന് മറ്റൊരു കുടുംബത്തിലെ 9 പേർക്ക് ഇതേ ലക്ഷണങ്ങളോടെ അസുഖം ബാധിക്കുകയും അതിൽ മൂന്ന് കുട്ടികൾ മരണപ്പെടുകയും ചെയ്തു. ഒരു മാസത്തിനുശേഷം, ജനുവരി 12ന് ഒരു കുടുംബത്തിലെ 10 പേർക്ക് അസുഖം ബാധിച്ചു അതിൽ 5 കുട്ടികൾ മരിച്ചു. ആകെ 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരസ്പരം ബന്ധമുള്ള 3 കുടുംബങ്ങളിലാണ് മരണങ്ങൾ സംഭവിച്ചിട്ടുള്ളത്. 1.5 കിലോമീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ 3 വീടുകളും സ്ഥിതി ചെയ്യുന്നത്. ഈ ദുരൂഹമായ രോഗം ഗ്രാമത്തിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്.
5700 ലധികം ആളുകളാണ് ഗ്രാമത്തിലുള്ളത്. ഇവരുടെ സാമ്പിൾ പരിശോധിച്ചെങ്കിലും വൈറസിന്റെയോ ബാക്ടീരിയുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. നിലവിൽ ഇതേ ആരോഗ്യ സ്ഥിതിയിലുള്ള 16 വയസുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
മരിച്ചവരുടെ ശരീരത്തിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ന്യൂറോടോക്സിനുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ബാദൽ ഗ്രാമം സന്ദർശിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മന്ത്രിതല സംഘത്തെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. ആരോഗ്യം, കുടുംബക്ഷേമം, കൃഷി, രാസവളം, ജലവകുപ്പ്, ഭക്ഷ്യസുരക്ഷ, ഫൊറന്‍സിക് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും.