മന്തി കഴിച്ചു; വിനോദയാത്രാ സംഘത്തിലെ 63 വിദ്യാർഥികൾക്ക് ഉൾപ്പെടെ ഭക്ഷ്യവിഷബാധ

കട്ടപ്പന: കട്ടപ്പനയിലെ ഭക്ഷണശാലയിൽ നിന്ന് മന്തി കഴിച്ച വിനോദയാത്രാ സംഘത്തിലെ 63 വിദ്യാർഥികൾ അടക്കമുള്ളവർക്ക് ഭക്ഷ്യവിഷബാധ. 11 പേർ ഇടുക്കി മെഡിക്കൽ കോളജിലും 52 പേർ കട്ടപ്പന താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെതിയ മലപ്പുറം തിരൂരിലെ കോച്ചിങ് സെന്ററിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നാലു ടൂറിസ്റ് ബസുകളിലായി എത്തിയ വിദ്യാർഥികൾ കൊടൈക്കനാൽ, രാമക്കൽമേട് ടൂറിസ്റ്റ് കേന്ദങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ച രാത്രി 9.30 തോടെ യാണ് കട്ടപ്പനയിൽ എത്തിയത്.
നാലു ബസുകളിൽ ഒരു ബസിലെ ആളുകൾ ഭക്ഷണം കഴിച്ച ഉടനെ ഇടുക്കി വഴി മലപ്പുറത്തേക്ക് തിരിച്ചു. തുടർന്ന് മറ്റ് മൂന്നു ബസുകളിലെ യാത്രക്കാരും മന്തി കഴിച്ചു പുറത്തിറങ്ങി. 11മണിയോടെയാണ് ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചത്. തുടർന്ന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ട 53 പേർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികത്സ തേടി.
ഇതേസമയം നാട്ടിലേക്ക് തിരിച്ച ആദ്യ ബസിലെ 11 പേർ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതോടെ ഇടുക്കി മെഡിക്കൽ കോളജിലും ചികത്സ തേടി. സംഭവം ആശുപത്രി അധികൃതർ ജില്ല ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന് ജില്ല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കട്ടപ്പനയിലെ ഹോട്ടലിൽ എത്തി പരിശോധന നടത്തി.
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ആക്ടിലി പി. ജോസിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. വിദ്യാർഥികൾ യാത്രക്കിടെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നതായി പറയുന്നു.
ചികിത്സക്ക് ശേഷം വിദ്യാർഥികൾ തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തി. ഹോട്ടലിൽ നിന്ന് ശേഖരിച്ച സാമ്പിൾ ജില്ലാ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി കാരണം കണ്ടെത്തിയാലേ തുടർനടപടികൾ സ്വകരിക്കാനാകൂവെന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിൽ നിന്ന് മയോണസ് കഴിച്ച കഴിച്ചവർക്കാണ് പ്രശ്നമുണ്ടതെന്ന് കരുതുന്നതായി വിദ്യാർഥികളിൽ ചിലർ പ്രതികരിച്ചു.
