സ്വരേവിനെ വീഴ്ത്തി കാർലോസ് അൽകാരസിന് എടിപി ഫൈനൽസ് കിരീടം

എടിപി ഫൈനൽസിൽ കന്നിക്കിരീടം ചൂടി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. ഞായറാഴ്ച ടൂറിനിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് താരം 2026 സീസൺ കിരീടനേട്ടത്തോടെ അവസാനിപ്പിച്ചത്. സ്കോർ: 6-2, 7-6 (9-7).
കരിയറിൽ നാല് ഗ്രാൻഡ് സ്ലാമുകളും സീസൺ-എൻഡിംഗ് ടൂർണമെന്റും നേടുന്ന നാലാമത്തെ താരമായി കാർലോസ് അൽകാരസ് മാറി. ലോകത്തിലെ മികച്ച എട്ട് കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റിൽ കിരീടം നേടിയതോടെ ആൻഡ്രെ അഗാസി, റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ച മറ്റ് മൂന്ന് താരങ്ങൾ.
2026-ന്റെ തുടക്കത്തിൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയതോടെ കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കിയ അൽകാരസിന്റെ മേജർ കിരീടങ്ങളുടെ എണ്ണം ഏഴായി ഉയർന്നിരുന്നു.
എടിപി ഫൈനൽസ് കിരീടം നേടുന്ന മൂന്നാമത്തെ സ്പാനിഷ് താരമാണ് അൽകാരസ്. മാനുവൽ ഒറാന്റസ് (1976), അലക്സ് കൊറെറ്റ്ജ (1998) എന്നിവരാണ് ഇതിന് മുൻപ് നേട്ടം കൈവരിച്ചത്.
വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അൽകാരസിന്റെ പ്രകടനത്തെ പ്രശംസിച്ച ടെന്നീസ് ഇതിഹാസ താരം റാഫേൽ നദാൽ, വെല്ലുവിളികൾ നിറഞ്ഞ സീസൺ ഇത്രയും വലിയൊരു കിരീടത്തോടെ അവസാനിപ്പിക്കുന്നതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.
കൈത്തണ്ടയിലെ പരിക്കിനെത്തുടർന്ന് ഏകദേശം നാല് മാസത്തോളം വിട്ടുനിന്ന ശേഷം യുഎസ് ഓപ്പണിലൂടെയാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നാലെ വിയന്ന, പാരീസ്, ടൂറിൻ എന്നിവിടങ്ങളിൽ തുടർച്ചയായി കിരീടങ്ങൾ നേടി 14 മത്സരങ്ങളുടെ വിജയക്കുതിപ്പോടെ സീസൺ ഗംഭീരമായി അവസാനിപ്പിച്ചു.
ഫൈനലിൽ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ സ്വരേവിന്റെ മൂന്ന് സെറ്റ് പോയിന്റുകൾ രക്ഷപ്പെടുത്തിയ അൽകാരസ് മികച്ച മത്സരമാണ് പുറത്തെടുത്തത്. ടൂറിനിൽ അഞ്ച് മത്സരങ്ങളിലും വിജയിച്ച താരം ആറ് കിരീടങ്ങളുമായി സീസൺ പൂർത്തിയാക്കി. ഇതോടെ പുരുഷ ടെന്നീസിലെ ഒന്നാം സ്ഥാനവും നിലനിർത്താനായി.
