69 സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമത്; ഐസിസി റാങ്കിങിൽ വൻകുതിപ്പുമായി തിലക് വർമ
ന്യൂഡൽഹി: ഐസിസിയുടെ ടി20 റാങ്കിങിൽ അതിവേഗം മുന്നേറി ഇന്ത്യയുടെ തിലക് വർമ. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം താരം 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നിലെത്തി. രണ്ട് സെഞ്ച്വറിയടക്കം നേടി ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നടത്തിയ ഉജ്ജ്വല പ്രകടനമാണ് യുവതാരത്തെ മുന്നിലെത്തിച്ചത്. തിലക് ആദ്യമായാണ് പത്തിനുള്ളിൽ ഇടം പിടിക്കുന്നത്.ICC
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഒരുസ്ഥാനം പിന്നോട്ടിറങ്ങി നാലാമതെത്തി. ദക്ഷിണാഫ്രിക്കക്കെതിരെ മികവിലേക്കുയരാൻ സൂര്യക്ക് സാധിച്ചിരുന്നില്ല. അവസാന മാച്ചിൽ അവസരവും ലഭിച്ചില്ല. ആസ്‌ത്രേലിയൻ താരം ട്രാവിസ് ഹെഡ്ഡ് ഒന്നാമതും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് രണ്ടാമതും തുടരുന്നു. തിലക് വർമക്കൊപ്പം ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണും റാങ്കിങിൽ മുന്നേറി. 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22ാംസ്ഥാനത്താണ് സഞ്ജു. എട്ടാംസ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാളും 15മതുള്ള റിതുരാജ് ഗെയിക്‌വാദുമാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.
ടി20 ടീം റാങ്കിങിൽ ഇന്ത്യ ഒന്നാംസ്ഥാനത്ത് തുടരുന്നു. ആസ്‌ത്രേലിയ രണ്ടാമതും ഇംഗ്ലണ്ട് മൂന്നാംസ്ഥാനത്തും തുടരുന്നു. ടി20 ബൗളർമാരിൽ ഇംഗ്ലണ്ടിന്റെ ആദിൽ റഷീദാണ് ഒന്നാമത്. ഇന്ത്യൻ താരങ്ങളായ രവി ബിഷ്‌ണോയി എട്ടാമതും അർഷ്ദീപ് സിങ് ഒൻപതാമതും തുടരുന്നു. ടി20 ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യയാണ് തലപ്പത്ത്.