അന്ത്യനിമിഷങ്ങള്‍ ആശുപത്രിയില്‍ ചെലവഴിക്കുന്നവര്‍ ഗ്രാമങ്ങളില്‍ 88%, നഗരങ്ങളില്‍ 75%; യൂറോപ്യന്‍ ശരാശരിയെയും മറികടന്ന് കേരളം

Kerala

ബംഗളൂരു: കേരളത്തിൽ അവസാന നിമിഷങ്ങൾ ആശുപത്രിയിൽ ചെലവഴിക്കുന്നവരുടെ എണ്ണം ദേശീയ ശരാശരിക്കും ബഹുദൂരം മുന്നിലെന്നു വ്യക്തമാക്കുന്ന പഠനം പുറത്ത്. ഗ്രാമീണമേഖലയിൽ 88 ശതമാനം പേരും നഗരങ്ങളിൽ 75 ശതമാനം പേരും മരിക്കുന്നത് ആശുപത്രികളിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലിത് വെറും 40 ശതമാനമാണ്. യൂറോപ്പിലെ ശരാശരിയുടെ ഇരട്ടിയോളം വരും കേരളത്തിലെ കണക്കുകളെന്നും പഠനം ചൂണ്ടിക്കാട്ടുന്നതായി ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.Kerala

സെൻസസ് കമ്മിഷണറുടെ ഓഫിസ് തയാറാക്കിയ സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു പഠനം തയാറാക്കിയത്. അമേരിക്കക്കാരെക്കാളും വൈദ്യശാസ്ത്രത്തെ ആശ്രയിച്ചു കഴിയുന്നവരും വൈദ്യശാസ്ത്ര-കേന്ദ്രീകൃതമായ സമൂഹവുമാണു മലയാളികളെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ബംഗളൂരുവിലെ എം.എസ് രാമയ്യ യൂനിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ സോഷ്യൽ സയൻസ് വിഭാഗം പ്രൊഫസറുമായ ഡി. നാരായണ പറഞ്ഞു.

‘മിക്ക ആളുകളും വീട്ടിൽ മരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, പല കാരണങ്ങളാലും മിക്കവർക്കും അതിനുള്ള സാഹചര്യം ലഭിക്കുന്നില്ല. മരണത്തിനു തൊട്ടുമുൻപുള്ള ആശുപത്രിവാസം കൊണ്ട് നല്ലൊരു അന്ത്യമുണ്ടാകുമെന്ന ഉറപ്പൊന്നുമില്ല. അതിനു പുറമെ ആരോഗ്യരംഗത്തെ ചെലവുകൾ കൂട്ടുകയും ചെയ്യുന്നുണ്ട്.’-നാരായണ ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ ഗ്രാമീണമേഖലകളിലെ ആശുപത്രിമരണത്തിന്റെ തോത് ശരാശരി 44.6 ശതമാനമാണ്. നഗരപ്രദേശങ്ങളിൽ 61.5 ശതമാനവും. യൂറോപ്പിലിത് ശരാശരി 44 ശതമാനമാണ്. ബ്രിട്ടനിൽ മാത്രം 47 ശതമാനവുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിലും ദേശീയതലത്തിലുമുള്ള കണക്കുകളെ അപേക്ഷിച്ച് അന്ത്യനിമിഷങ്ങളിൽ ആശുപത്രിയിലേക്ക് ഓടുന്ന മലയാളികളുടെ എണ്ണം ഏറെ മുന്നിലാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

കേരളത്തിലെ ആരോഗ്യരംഗത്തെ ബോധവൽക്കരണവും ജനങ്ങൾക്കിടയിലെ തിരിച്ചറിവുമാണ് ഇത്തരമൊരു കണക്കിനു കാരണമെന്നാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ(കില) മുൻ ഡയരക്ടർ ജനറൽ ഡോ. ജോയ് എലമൺ ‘എക്‌സ്പ്രസി’നോട് പറഞ്ഞത്. ആരോഗ്യസംരക്ഷണ മനോഭാവം ഇവിടെ കൂടുതലാണ്. ഇതിനു പുറമെ മെഡിക്കൽ സൗകര്യങ്ങൽ സാർവത്രികമായതും എല്ലായിടത്തും ലഭ്യമായതും കാരണം, ജീവനിൽ പ്രതീക്ഷയില്ലാത്ത ഘട്ടത്തിൽ പോലും ഐസിയു, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയുടെ സഹായം തേടുന്നത് ഇവിടെ പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ദരിദ്രർക്കു പോലും പ്രാപ്യമായ തരത്തിൽ മെഡിക്കൽ കോളജുകളും ജനറൽ ആശുപത്രികളും ഇവിടെയുള്ളതും ഇത്തരമൊരു കണക്കിനു കാരണമാണെന്നും ഡോ. ജോയ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *