350 മുതല്‍ 450 വരെ നീളം; ഹമാസിന്‍റെ തുരങ്ക ശൃംഖലക്ക് വിചാരിച്ചതിനെക്കാള്‍ വലിപ്പമുണ്ടെന്ന് ഇസ്രായേല്‍
തെല്‍ അവിവ്: ഹമാസിന്‍റെ ഗസ്സയിലെ തുരങ്ക ശൃംഖല 350 മുതൽ 450 മൈൽ വരെ നീളമുള്ളതാണെന്ന് മുതിർന്ന ഇസ്രായേൽ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
5,700 പ്രവേശന കവാടങ്ങളും ഈ തുരങ്കങ്ങള്‍ക്കുണ്ടെന്ന് മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.തെക്കൻ ഗസ്സയിൽ ഖാൻ യൂനിസിന് കീഴിൽ ഏകദേശം 100 മൈൽ തുരങ്കങ്ങൾ ഉണ്ടെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. “ഗസ്സയെ ഒരു കോട്ടയാക്കി മാറ്റാൻ കഴിഞ്ഞ 15 വർഷമായി ഹമാസ് സമയവും വിഭവങ്ങളും ഉപയോഗിച്ചു,”മിഡിൽ ഈസ്റ്റിൽ വ്യാപകമായി ജോലി ചെയ്തിട്ടുള്ള മുൻ സി.ഐ.എ ആരോൺ ഗ്രീൻസ്റ്റോൺ പറഞ്ഞു. ഹമാസിന്‍റെ സൈനിക നേതാവ് യഹ്യ സിൻവാറിനായി ഇസ്രായേൽ സൈന്യം അവരുടെ ഏറ്റവും തീവ്രമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഖാന്‍ യൂനിസില്‍ മാത്രം തുരങ്കത്തിന്‍റെ വാതിലുകള്‍ നിര്‍മിക്കുന്നതിനും ഭൂഗര്‍ഭ വര്‍ക് ഷോപ്പുകള്‍ക്കുമായി ഹമാസ് ഒരു മില്യണ്‍ ഡോളര്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയില്‍ അവശേഷിക്കുന്ന 130 ബന്ദികളില്‍ പലരും വിശാലമായ തുരങ്ക ശൃംഖലയിൽ എവിടെയോ തടവിലാക്കപ്പെട്ടതായി ഇസ്രായേല്‍ സംശയിക്കുന്നു. കമാൻഡർമാര്‍ ഉപയോഗിക്കുന്ന തുരങ്കങ്ങള്‍ കൂടുതൽ ആഴമേറിയതും സൗകര്യപ്രദവുമാണ്. മാത്രമല്ല ഭൂമിക്കടിയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ്. പ്രവേശന കവാടങ്ങളുടെ ഭിത്തികളില്‍ ബോംബുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ഒരു ഐഡിഎഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തുരങ്കങ്ങൾ പൊളിക്കാൻ വർഷങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ സേനയ്ക്ക് അവയെ നശിപ്പിക്കുന്നതിന് മുമ്പ് ഭൂഗർഭ പാതകൾ മാപ്പ് ചെയ്യുകയും ബൂബി ട്രാപ്പുകളും ബന്ദികളും ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.