ഇവിടെ അമ്മമാരും സ്മാർട്ടാണ്; സ്കൂളിലെ മുഴുവൻ അമ്മമാരെയും ഐടി സാക്ഷരരാക്കി പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ.
എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ മുഴുവൻ അമ്മമാരും സ്മാർട്ടാണ്. സംസ്ഥാനത്ത് തന്നെ അമ്മമാരെ സമ്പൂർണ്ണ ഐടി സാക്ഷരരാക്കുന്ന ആദ്യത്തെ സ്കൂൾ എന്ന പശസ്തി ഇനി ഈ സ്കൂളിന് സ്വന്തം .
കഴിഞ്ഞ ദിവസം ജാർഖണ്ഡ് സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അബൂബക്കർ സിദ്ദീഖ് ആണ് ഈ ചരിത്ര പ്രഖ്യാപനം നടത്തി പരിശീലനം പൂർത്തിയാക്കിയ മുഴുവൻ അമ്മമാർക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്.
ഒക്ടോബർ 12ന് തുടക്കം കുറിച്ച പദ്ധതിയിൽ 1400 ലധികം കുട്ടികളുടെ രക്ഷിതാക്കളായ ആയിരത്തോളം അമ്മമാർ പരിശീലനം പൂർത്തിയാക്കി. പദ്ധതിയുടെ ഭാഗമായി, അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത, അടിസ്ഥാന ഐടി പരിജ്ഞാനം, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, ഓൺലൈൻ മാർക്കറ്റിംങ്, സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളിൽ പൂർത്തിയാക്കിയ അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് ഐടി ലാബുകൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിദ്യാർത്ഥികളുടെ പഠനസമയം കഴിഞ്ഞുള്ള സമയത്ത് സ്കൂളിലെ അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികൾ, പിടിഎ, എംടിഎ, എസ്എംസി തുടങ്ങിയവരുടെ സഹായത്തോടെയായിരുന്നു പദ്ധതി പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സ്കൂളിലെ 100% അമ്മമാരെ ഡിജിറ്റൽ സാക്ഷരതാക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പദ്ധതി വൻ വിജയകരമായിരുന്നുവെന്നും സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഈ പദ്ധതി നടപ്പിലാക്കിയാൽ വിദ്യാർഥികളുടെ പഠന നിലവാരം വർധിക്കാൻ അത് കാരണമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
പ്രഖ്യാപന സമ്മേളനം ജാർഖണ്ഡ് സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി കെ സഹീർ ബാബു, ഹെഡ്മിസ്ട്രസ് മുനീറ മണ്ണാരിച്ചാലിൽ, വാർഡ് മെമ്പർ കെ ടി നൗഷാദ്, എസ് എംസി ചെയർമാൻ അൻവർ ആലങ്ങാടൻ, എസ് ഡബ്ലിയു സി ചെയർമാൻ അബ്ദുൽ കരീം കളത്തിങ്ങൽ, സ്റ്റാഫ് സെക്രട്ടറി സത്താർ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് മൻസൂർ ചോലയിൽ, വഹാബ് മാസ്റ്റർ, പദ്ധതി കോഡിനേറ്റർ ശിഹാബ് മാസ്റ്റർ, ടി സലാം മാസ്റ്റർ, എസ്ഐടിസി പി സി സിദ്ദീഖലി മാസ്റ്റർ, ടി ലബീബ് മാസ്റ്റർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷിജിമോൾ തുടങ്ങിയവർ സംബന്ധിച്ചു.