ഭക്ഷണത്തിന് കാത്തു നിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്: ഗസ്സയിൽ 21 പേർ കൊല്ലപ്പെട്ടു
റമദാൻ മാസത്തിലും പട്ടിണിയും ദുരിതവും പേറുന്ന ഗസ്സയിലെ ജനതയ്ക്കു നേരെ ക്രൂരത തുടർന്ന് ഇസ്രായേൽ. ഗസ്സയിൽ ഭക്ഷണത്തിന് കാത്തിരുന്നവർക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ അഭയാർഥി ക്യാമ്പുകൾക്കും ഭക്ഷണത്തിന് വരിനിന്നവർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. രാത്രി ഗസ്സയിലെ കുവൈത്ത് റൗണ്ടബൗട്ടിൽ ഭക്ഷണത്തിന് കാത്തിരുന്ന താമസക്കാർക്കു നേരെയാണ് ഇസ്രായേൽ സൈന്യം ഹെലികോപ്റ്ററിൽ നിന്ന് വെടിയുതിർത്തത്. ഇവിടെ മാത്രം ആറുപേർ കൊല്ലപ്പെട്ടു. ആകെ 150 ലധികം പേർക്ക് പരിക്കേറ്റു. അഞ്ചുമാസത്തിനിടെ 31,341 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. 73000 ത്തിലധികം പേർക്ക് പരിക്കേറ്റു.
ലക്ഷക്കണക്കിന് സിവിലിയൻ സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന ആക്രമണം മേഖലയിൽ യുദ്ധവ്യാപനത്തിന് വഴിയൊരുക്കുമെന്ന് ഈജിപ്ത് ഉൾപ്പെടെ അറബ് രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് കരമാർഗം ഉടൻ കൂടുതൽ സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ പാർലമെൻറ് പ്രമേയം പാസാക്കി. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെയും യു.എന്നിന്റെയും ഇതു സംബന്ധിച്ച അഭ്യർഥനകളും ഇസ്രായേൽ തള്ളുകയാണ്. നെതന്യാഹു സർക്കാറിനെ പുറന്തള്ളി പുതിയ ഭരണകൂടം അധികാരത്തിൽ വരാതെ ഇസ്രായേലിന് രക്ഷയില്ലെന്ന രൂക്ഷപരാമർശവുമായി യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമർ രംഗത്തു വന്നു. അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രകോപന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്ന് ഇസ്രായേലിലെ ലികുഡ് പാർട്ടി പ്രതികരിച്ചു.
വെസ്റ്റ് ബാങ്കിലും സംഘർഷം വ്യാപിക്കുകയാണ്. റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് മസ്ജിദുൽ അഖ്സയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇസ്രായേൽ നടപടി അംഗീകരിക്കാനാവില്ലെന്ന് ഫലസ്തീൻ നേതാക്കൾ പറഞ്ഞു. ശക്തമായ പോരാട്ടത്തിനിറങ്ങാൻ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ജനതയോട് ഹമാസ് ആഹ്വാനം ചെയ്തു. ഉപാധികൾ അംഗീകരിക്കാതെ ഇസ്രായേലുമായി വെടിനിർത്തൽ കരാർ സാധ്യമല്ലെന്ന നിലപാട് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്റെയും അനുകൂല രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ ആക്രമണം വ്യാപിപ്പിക്കുമെന്ന് യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകി.