കൊണ്ടോട്ടി നഗരസഭയിൽ ലീഗുമായി തർക്കം; കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു
മലപ്പുറം: കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്. നഗരസഭ ചെയർപേഴ്‌സൺ ഭരണം പങ്ക് വെക്കാനുള്ള കരാർ മുസ്‌ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗൺസിലർ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല.
ചെയർപേഴ്‌സൺ പദവി വീതം വെക്കാൻ ധാരണയുണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മൂന്നു വർഷം ലീഗും രണ്ട് വർഷം കോൺഗ്രസും പദവി പങ്കുവെക്കുമെന്നായിരുന്നു ധാരണയെന്നും അവർ പറഞ്ഞു. ജില്ലാ ലീഗ് ഓഫീസിൽ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തിൽ തീരുമാനമെടുത്തുവെന്നും പറഞ്ഞു. എന്നാൽ അത്തരം ധാരണയില്ലെന്നും അഞ്ച് വർഷവും ലീഗിന് തന്നെയാണ് ചെയർപേഴ്‌സൺ പദവിയെന്നുമാണ് നഗരസഭയിലെ ലീഗ് നേതൃത്വം പറയുന്നത്. ഈ പദവിയുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ നിലനിൽക്കുന്ന തർക്കമാണ് ഇപ്പോൾ രാജിയിൽ കലാശിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെയാണ് നീക്കം.