മോദിയും പിണറായിയും സംസാരിക്കുന്നത് ഒരേ ഭാഷ; സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: വി.ഡി സതീശൻ
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നത് ഒരേ ഭാഷയിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സി.പി.എം ബി.ജെ.പി മാതൃകയിൽ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബി.ജെ.പി ഹിന്ദു വോട്ട് ലക്ഷ്യമിടുമ്പോൾ സി.പി.എം മുസ്‌ലിം വോട്ടിനാണ് ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. മീഡിയവൺ നേതാവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. VD Satheesan
തൃശൂർ പൂരത്തിൽ വർഗീയത ആളിക്കത്തിച്ച് ബി.ജെ.പിക്ക് ഇടമുണ്ടാക്കി കൊടുക്കാനാണ് സി.പി.എം ശ്രമിച്ചത്. പിണറായി സി.എ.എ മാത്രം സംസാരിക്കുന്നത് സംസ്ഥാന സർക്കാരിനെതിരായ ജനവികാരം മറികടക്കാൻ വേണ്ടിയാണ്. രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടിയെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതേ കാര്യമാണ് പിണറായി ആവർത്തിക്കുന്നതെന്നും സതീശൻ പറഞ്ഞു.
ആറര വർഷമായി ലാവ്‌ലിൻ കേസ് മാറ്റിവെക്കുകയാണ്. കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയാവേണ്ടതായിരുന്നു. ആ കേസ് എവിടെയുമെത്തിയില്ല. പരസ്പര സഹകരണമാണ് ഇവിടെ കാണുന്നത്. തൃശൂരിലും തിരുവനന്തപുരത്തും ഒരു ആശങ്കയുമില്ല. രണ്ടിടത്തും യു.ഡി.എഫ് ജയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. VD Satheesan